സൗമ്യ കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചയാണ് ഉണ്ടായതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞിട്ടുണ്ട്. വധശിക്ഷ ലഭിക്കേണ്ട ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചയാണ്.
പാലക്കാട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. പാര്‍ട്ടി പാലക്കാട് ജില്ലാ കണ്‍വെന്‍ഷനിലായിരുന്നു മാണിയുടെ പരാമര്‍ശം.
സൗമ്യ കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചയാണ് ഉണ്ടായതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞിട്ടുണ്ട്. വധശിക്ഷ ലഭിക്കേണ്ട ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചയാണ്. സൗമ്യ കേസിലെ രക്തക്കറ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൈയില്‍ പുരണ്ടിരിക്കുകയാണ്. ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും മാണി പറഞ്ഞു.
യു.ഡി.എഫിനെ കാര്യമായി കുറ്റപ്പെടുത്താതിരുന്ന അദ്ദേഹം കഴിഞ്ഞ സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളെയും പുകഴ്ത്തുകയും ചെയ്തു. അനൈക്യം കൊണ്ടാണ് യു.ഡി.എഫ് വിടേണ്ട സാഹചര്യമുണ്ടായതെന്നും എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെ കവലയില്‍നിന്ന് കുറ്റം പറയുന്നത് ശരിയല്ലെന്നും മാണി കണ്‍വെന്‍ഷനില്‍ പറഞ്ഞു. മുന്നണി വിടാനുള്ള തീരുമാനത്തെ പ്രവര്‍ത്തകര്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല കാര്യം പിണറായി ചെയ്താലും സ്വാഗതം ചെയ്യും, പക്ഷേ അതു ചെയ്യുന്നില്ല. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടി ഒന്നുപോലും പൂര്‍ത്തിയാക്കാനാവാതെ ലജ്ജാവഹമായി. ഓണക്കാലത്ത് വന്‍ വിലക്കയറ്റമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കൃത്യമായി പിപണിയിലിടപെട്ടിരുന്നു മാണി പറഞ്ഞു.
ഒഴിവുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി നിയമനം നിര്‍ത്തി യുവാക്കളെ വിഷമത്തിലാക്കി.സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമം കൂടിക്കൂടി വരികയാണെന്നും മാണി ചൂണ്ടിക്കാട്ടി. ഭരണത്തിലിരിക്കുന്നവര്‍ ആയുധം കയ്യിലെടുക്കുന്നത് ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന്റെ നേതൃത്വത്തില്‍ ഭരണ പരിഷ്‌കരണ കമ്മിഷന്‍ രൂപീകരിച്ചതിനെയും മാണി വിമര്‍ശിച്ചു. സര്‍ക്കാര്‍ വെള്ളാനകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന് ജനങ്ങളെ പേടിയാണ്. അതുകൊണ്ടാണ് മന്ത്രി സഭാ തീരുമാനങ്ങള്‍ പുറത്തറിയിക്കാത്തതെന്നും മാണി ആരോപിച്ചു.