| Wednesday, 6th March 2019, 3:19 pm

അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ? കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശസുരക്ഷയുടെ കാര്യം പറഞ്ഞ് റഫാലില്‍ സി.ബി.ഐ അന്വേഷണം എതിര്‍ക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയില്‍ വിമര്‍ശനം. “അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ?” എന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് കേന്ദ്രസര്‍ക്കാറിനോടു ചോദിച്ചത്.

റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പാക്കിസ്ഥാന്‍ എഫ്.16 പ്രയോഗിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

ആധുനിക എഫ്.16 യുദ്ധവിമാനങ്ങളെ നമ്മള്‍ നേരിടുന്നത് 1960കളില്‍ നേടിയെടുത്ത മിഗ് 21 വിമാനങ്ങള്‍ കൊണ്ടാണ്” എന്നായിരുന്നു സര്‍ക്കാര്‍ വാദം.

” നമ്മള്‍ എത്രത്തോളം പ്രതിസന്ധിയിലാണെന്ന് അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ളവര്‍ മികച്ച എഫ്.16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മളും കുറേക്കൂടി മെച്ചപ്പെട്ട യുദ്ധവിമാനങ്ങള്‍ വാങ്ങേണ്ടേ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാകും.” എന്നു പറഞ്ഞാണ് കേന്ദ്രം സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്.

Also read:ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!

എന്നാല്‍ ഈ നിലപാടിനോട് ജസ്റ്റിസ് കെ.എം ജോസഫ് പൂര്‍ണമായി വിയോജിച്ചു. അന്വേഷണം വേണോ വേണ്ടയോയെന്ന പ്രശ്‌നം പരിശോധിക്കുമ്പോള്‍ ദേശീയ സുരക്ഷയുടെ പ്രശ്‌നം വരുന്നില്ലെന്ന് കെ.എം ജോസഫ് നിരീക്ഷിച്ചു.

റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പുനപരിശോധനാ ഹരജി നല്‍കിയത്.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Also read:റഫാല്‍: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; മോഷ്ടിച്ചത് ദ ഹിന്ദുവെന്ന് പരോക്ഷ ആരോപണം

മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉറവിടം വെളിപ്പെടുത്തിയാല്‍ മാത്രമേ ചോര്‍ന്ന രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കാവൂവെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. വിരമിച്ച ഓഫീസര്‍മാരാണോ അല്ലെങ്കില്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥരാണോ ഇത് ചോര്‍ത്തിയതെന്ന കാര്യവും പരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more