കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ ശ്രീറാമിനെതിരായ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ റിവിഷന്‍ ഹരജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിക്കൊണ്ട് വിചാരണ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു തിരുവനന്തപുരം സെഷന്‍സ് കോടതി തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന നിലപാടായിരുന്നു എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം ശ്രീറാം വെങ്കിട്ടരാമനില്‍ ഉണ്ടായിരുന്നുവെന്ന ഡോക്ടറുടെ മൊഴി സെഷന്‍സ് കോടതി പരിഗണിച്ചിരുന്നില്ല. അതിനാലാണ് നരഹത്യക്കുറ്റം ഒഴിവാക്കുന്ന സാഹചര്യമുണ്ടായത്. സെഷന്‍സ് കോടതി പരിഗണിക്കാതിരുന്ന കാര്യങ്ങളെല്ലാം മുന്നോട്ട് വെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്‍ അലക്ഷ്യമായും അതിവേഗതയിലും വാഹനമോടിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്നും അത് സെഷന്‍സ് കോടതി പരിഗണിക്കണമായിരുന്നു എന്നും ഹൈക്കോടതി പറഞ്ഞു. അപകടത്തിന് ശേഷം വൈദ്യപരിശോധനക്ക് തയ്യാറാകാതെ ഇരുന്നതോടെ ശ്രീറാം മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം നേരിട്ട് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായിരുന്നു എന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചു.
ഈ വാദങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ശ്രീറാമിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304, 201 വകുപ്പുകള്‍ പ്രകാരം വിചാരണയുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരായ പ്രേരണക്കുറ്റം കോടതി ഒഴിവാക്കിയിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് 2019 ആഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു ബഷീര്‍.
Content Highlights: KM Bashir murder case;murder charge against Sriram Venkataraman will stand: HC