കെ.എം ബഷീറിന്റെ മരണം: കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
Kerala News
കെ.എം ബഷീറിന്റെ മരണം: കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2019, 11:32 pm

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എസ്.പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്റെ ചുമതല. അസിസ്റ്റന്റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് മാറ്റിയത്.

കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി സസ്‌പെന്‍ഷനിലായ മ്യൂസിയം എസ്.ഐ ജയപ്രകാശ് കേസില്‍ സാക്ഷിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടത്തിനു പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയില്‍ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ ഡി.വൈ.എസ്.പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ലഭിച്ച സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ച്ചക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. മദ്യപിച്ച് വാഹനമോടിച്ച് മനഃപൂര്‍വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക.

ശ്രീറാം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയുമാണ് മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവായി കോടതിയില്‍ സമര്‍പ്പിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാഹനം അമിത വേഗത്തിലായിരുന്നോ എന്നു കണ്ടെത്താന്‍ വാഹനത്തിന്റെ ക്രാഷ് ഡേറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചെങ്കിലും ഇതുവരെ വാഹന നിര്‍മാണ കമ്പനിയില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.