ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം; സംഭവം കെ.എം ബഷീര്‍ കേസ് പരിഗണിക്കവേ
Kerala
ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം; സംഭവം കെ.എം ബഷീര്‍ കേസ് പരിഗണിക്കവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th August 2021, 3:08 pm

വഞ്ചിയൂര്‍: കോടതി പരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്.

സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ള്യു.ജെ നേതാവ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് പരിഗണിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം.

മാധ്യമപ്രവര്‍ത്തകര്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ അഭിഭാഷകര്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ശിവജിയുടെ മൊബൈല്‍ ഫോണ്‍, ഐഡന്‍ഡിറ്റി കാര്‍ഡ് എന്നിവ അഭിഭാഷകര്‍ തട്ടിപ്പറിക്കുകയും കാര്യമന്വേഷിച്ചെത്തിയ കെ.യു.ഡബ്ള്യു.ജെ ജില്ലാ ഭാരവാഹി കൂടിയായ സുരേഷ് വെള്ളിമംഗലത്തിനു നേരെ തട്ടിക്കയറുകയും ചെയ്തു. പൊലീസിന്റെ പക്ഷത്ത് നിന്നും മോശമായ പ്രതികരണമാണ് നേരിട്ടതെന്നും സുരേഷ് വെള്ളിമംഗലം പറഞ്ഞു.

തന്നെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി പൊലീസില്‍ പരാതി നല്‍കി.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് കൊല്ലപ്പെടുന്നത്.

കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്ന കുറ്റങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയത്.

എന്നാല്‍ ബഷീറിന്റെ മരണം നടന്നു രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ചുമതലയും പിന്നാലെ െകൊവിഡ് ഡാറ്റ മാനേജ്‌മെന്റ് ഓഫിസറായും നിയമിച്ചിരുന്നു.

അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എം.ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കൊല്ലത്ത് ഓഫീസ് യോഗത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു ബഷീറിന്റെ മരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം