കെ.എം ബഷീറിന്റെ മരണം: സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്ന് വിവരാവകാശ രേഖ; പൊലീസ് വാദം പൊളിയുന്നു
K.M Basheer
കെ.എം ബഷീറിന്റെ മരണം: സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്ന് വിവരാവകാശ രേഖ; പൊലീസ് വാദം പൊളിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 3:26 pm

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് അട്ടിമറി നടന്നതിന് കൂടുതല്‍ തെളിവുകള്‍. അപകടം നടന്ന മ്യൂസിയം റോഡ് രാജ് ഭവന്‍ ഭാഗങ്ങളില്‍ പൊലീസിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഇതോടെ ക്യാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്. പൊലീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫിക്‌സഡ് ക്യാമറകളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 235 ക്യാമറകള്‍ ഉണ്ടെന്നും അതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു, എസ്.പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്റെ ചുമതല. അസിസ്റ്റന്റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് മാറ്റിയത്.

കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി സസ്പെന്‍ഷനിലായ മ്യൂസിയം എസ്.ഐ ജയപ്രകാശ് കേസില്‍ സാക്ഷിയാണ്.
അപകടത്തിനു പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയില്‍ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ ഡി.വൈ.എസ്.പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ലഭിച്ച സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ച്ചക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. മദ്യപിച്ച് വാഹനമോടിച്ച് മനഃപൂര്‍വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക.

ശ്രീറാം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയുമാണ് മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവായി കോടതിയില്‍ സമര്‍പ്പിക്കുക.

വാഹനം അമിത വേഗത്തിലായിരുന്നോ എന്നു കണ്ടെത്താന്‍ വാഹനത്തിന്റെ ക്രാഷ് ഡേറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചെങ്കിലും ഇതുവരെ വാഹന നിര്‍മാണ കമ്പനിയില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.