| Thursday, 14th November 2019, 8:44 am

ശശീന്ദ്രനെ തള്ളി പിണറായി; ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്കുമുറുക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വാഹനമോടിച്ചിരുന്ന ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരത്തെ ആശുപത്രിയിലെ പരിശോധനകള്‍ക്കുശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളെജിലേക്ക് അയച്ചിരുന്നെങ്കിലും അദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അവിടെവെച്ച് മദ്യത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചോ എന്നത് അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്.

അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും സഹയാത്രികയും മൊഴി നല്‍കിയതുള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടം നടന്ന് പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്ത സാമ്പിളുകള്‍ പരിശോധയ്‌ക്കെടുത്തതെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേസ് തെളിയിക്കുന്നതിനായുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ചിട്ടുണ്ട്.

ശ്രീറാമിന്റെ വാഹനം അമിത വേഗതയിലായിരുന്നോ എന്ന ചോദ്യത്തിന് അത് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more