തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാനായിരുന്നില്ല.
കേസില്‍ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ നേരത്തെ ജാമ്യം എടുത്തിരുന്നു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.
വ്യാജവാര്‍ത്ത തടയാനുള്ള സര്‍ക്കാര്‍ സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.
കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
ശ്രീറാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനു കത്തു നല്‍കുകയും ചെയ്തിരുന്നു. യൂണിയന്റെ പരാതി തുടര്‍ നടപടിക്കായി മുഖ്യമന്ത്രി പി.ആര്‍.ഡിക്ക് കൈമാറിയിട്ടുണ്ട്.