| Tuesday, 6th December 2022, 5:54 pm

കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്.

ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ ഏര്‍പ്പെടുത്തിയത്.

നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശ്രീറാമിനെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാരുടെ മൊഴിയിലും വ്യക്തമാക്കിയിരുന്നു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന് കെ.എം.ബഷീറിനെ മുന്‍പരിചയമില്ലായിരുന്നുവെന്നും അതുകൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചതെന്നും അപകടശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്നും വിചാരണ കോടതി നിരീക്ഷിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നരഹത്യ കുറ്റം ഒഴിവാക്കിയത്. എന്നാല്‍ ഹൈക്കോടതി ഈ ഉത്തരവിന് സ്റ്റേ നല്‍കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസിലെ പ്രതികളായ വഫ ഫിറോസിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും വിടുതല്‍ ഹരജികളിന്മേലായിരുന്നു തീരുമാനം.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം.

കേസില്‍ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ.എം. ബഷീറിനെ ഇടിച്ച വാഹനം.

തുടര്‍ന്ന് 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlight: KM Basheer case: HC has stayed the trial proceedings

We use cookies to give you the best possible experience. Learn more