Kerala News
"പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ചു'; കെ.എം ബഷീറിന്റെ മരണത്തില്‍ വിചിത്ര വാദവുമായി പൊലീസ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 11:42 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ വിചിത്രവാദവുമായി പൊലീസ്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ്
അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മൊഴി നല്‍കാന്‍ വൈകിയത് കാരണം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.

സംഭവത്തില്‍ വാഹനാപകടം കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നതിലും എസ്.ഐ വീഴ്ച വരുത്തിയതായി വ്യക്തമായിരുന്നു. കേസന്വേഷണത്തില്‍ നിന്ന് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലെ സംഘത്തെ മാറ്റുകയും ചെയ്തിരുന്നു.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും സംയുക്തസംഘമാണ് കേസ് അന്വേഷിക്കുന്നത്.