രണ്ട് മലയാളികള്‍ തുനിഞ്ഞിറങ്ങിയാല്‍ നടക്കാത്തതായി എന്തുണ്ടെടോ! റസലിനെ പുറത്താക്കിയ 'മല്ലൂസിന്റെ' തകര്‍പ്പന്‍ ടാക്ടിക്‌സ്
IPL
രണ്ട് മലയാളികള്‍ തുനിഞ്ഞിറങ്ങിയാല്‍ നടക്കാത്തതായി എന്തുണ്ടെടോ! റസലിനെ പുറത്താക്കിയ 'മല്ലൂസിന്റെ' തകര്‍പ്പന്‍ ടാക്ടിക്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th May 2023, 11:04 pm

ഐ.പി.എല്‍ 2023ലെ 56ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഈ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചു.

കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സിന്റെ ടോട്ടല്‍ ഒമ്പത് വിക്കറ്റും 41 പന്തും ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെയും സഞ്ജു സാംസണിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് രാജസ്ഥാന് പടുകൂറ്റന്‍ വിജയം സമ്മാനിച്ചത്. ജെയ്‌സ്വാള്‍ പന്തില്‍ 47 നിന്നും 98 റണ്‍സ് നേടിയപ്പോള്‍ 29 സഞ്ജു പന്തില്‍ നിന്ന് 48 റണ്‍സും സ്വന്തമാക്കി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ചഹല്‍ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ബോള്‍ട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. ഇവര്‍ക്ക് പുറമെ കെ.എം. ആസിഫ്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സൂപ്പര്‍ താരം ആന്ദ്രേ റസലിന്റെ വിക്കറ്റാണ് ആസിഫ് സ്വന്തമാക്കിയത്. പത്ത് പന്തില്‍ നിന്നും പത്ത് റണ്‍സുമായി നില്‍ക്കവെ അശ്വിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഈ വിക്കറ്റാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സഞ്ജുവിന്റെയും ആസിഫിന്റെയും കോംബോയാണ് ഈ വിക്കറ്റിന് പുറകിലുണ്ടായിരുന്നത്.

13ാം ഓവറിലെ രണ്ടാം പന്തില്‍ ആസിഫിനെ സിക്‌സര്‍ പറത്തിയ റസല്‍ ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാറാടിച്ചിരുന്നു.

ഈ സിക്‌സറിന് പിന്നാലെ ആസിഫിനെ വിളിച്ച് സഞ്ജു ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ റസലിനെ അശ്വിന്റെ കൈകളിലെത്തിച്ചാണ് ആസിഫ് ഞെട്ടിച്ചത്.

നിലവില്‍ 12 മത്സരത്തില്‍ നിന്നും ആറ് വിജയവുമായി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റോയല്‍സ്.

 

Content highlight: KM Asif picks Andre Russel’s wicket after Sanju Samson’s advice