സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ചുമതലയെടുത്തപ്പോള്‍ മുതല്‍ മലയാളി താരങ്ങളെ പിന്തുണക്കുന്നില്ല എന്നുള്ള വിമര്‍ശനം താരത്തിനെതിരെ മലയാളികള്‍ ഉയര്‍ത്തിയിരുന്നു. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടുകൂടി വളര്‍ന്നുവരുന്ന മലയാളി താരങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു ഇവരുടെ വാദം.
കേരള ടീമിലെ മിക്ക താരങ്ങളെയും ഐ.പി.എല്‍ സെലക്ഷനായി കൊണ്ടുപോകുന്നത് സഞ്ജുവാണെന്ന വസ്തുത മനപ്പൂര്‍വം മറന്നുകൊണ്ടാണ് ചില മലയാളികള്‍ പ്രത്യേക ലക്ഷ്യത്തോടെ സഞ്ജുവിനെതിരെ ആക്രമണമഴിച്ചുവിടുന്നത്.
സഞ്ജു സാംസണ്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിലെ സെലക്ഷന് കൊണ്ടുപോയിട്ടുണ്ട് എന്ന് യുവതാരം രോഹന്‍ എസ്. കുന്നുമ്മല്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും മലയാളി താരങ്ങള്‍ക്കായി സഞ്ജു ഒന്നും ചെയ്യുന്നില്ല എന്ന മുറവിളി ശക്തമായിക്കൊണ്ടിരുന്നു.
എന്നാല്‍ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ വിമര്‍ശകരുടെ വായ ഒന്നടഞ്ഞിരുന്നു. ലേലത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് ബാസിത്തിനെയും കെ.എം.ആസിഫിനെയും ടീമിലെടുത്താണ് രാജസ്ഥാന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ടീമിലെടുത്തിട്ടെന്തിനാ, കളിപ്പിക്കാന്‍ പോണില്ലല്ലോ എന്നായി പിന്നെ വിമര്‍ശകര്‍.
ഈ വിമര്‍ശനത്തിന് ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ മറുപടി നല്‍കിയിരിക്കുകയാണ്. പേസര്‍ കെ.എം. ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാനും സഞ്ജുവും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വലിയ ആവേശത്തിലാണ്. താരത്തിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.