52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജോജു ജോര്‍ജിനെ മികച്ച നടനായി തെരഞ്ഞെടുത്തതിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കരിക്ക് ചാനലിലെ ഒരു വീഡിയോയുടെ ‘മാമനോട് ഒന്നും തോന്നല്ലേ,’ എന്ന ക്യാപ്ഷന്‍ വരാറുള്ള മീമാണ് കെ.എം അഭിജിത്ത് ഷെയര്‍ ചെയ്തത്. ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ’ എന്നാണ് അഭിജിത്ത് ചിത്രത്തിനൊപ്പം കുറിച്ചത്.
അഭിജിത്തിന്റെ പോസ്റ്റിന് താഴെ ജോജുവിനെ അധിക്ഷേപിച്ച് നിരവധി കമന്റുകളാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ധന വില വര്‍ധനയ്‌ക്കെതിരെ റോഡ് തടഞ്ഞ് കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതികരിച്ചതിന്റെ പ്രതിഫലമാണ് ഇപ്രാവിശ്യത്തെ അവാര്‍ഡ് എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന ആക്ഷേപം.
ജോജു ജോര്‍ജിനെ മികച്ച നടനായി തെരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതികരിച്ചതിന് ശേഷം ജോജുവിനെതിരെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പല പ്രാവിശ്യമായി വിമര്‍ശനങ്ങളും സൈബര്‍ അക്രമണങ്ങളും നടക്കുന്നത് പതിവായിരുന്നു.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ദ്രന്‍സിന്റെ ചിത്രവും ഷെയര്‍ ചെയ്തിരുന്നു. ‘ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല…. മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍,’ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചപ്പോള്‍ ‘എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’ എന്ന് ഷാഫി പറമ്പിലും കുറിച്ചു.
മികച്ച നടന്മാരായി ഇപ്രാവിശ്യം തെരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജും ബിജു മേനോനുമായിരുന്നു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജു മേനോനേയും തുണച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: KM Abhijit indirectly criticizes Joju george’s award