വാക്‌സിനെടുക്കാത്ത കളിക്കാരെ ലിവര്‍പൂള്‍ ടീമിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജര്‍മന്‍ ഹെഡ് കോച്ച് കൂടിയായ ക്ലോപ്പ്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ടീമും മാനേജ്‌മെന്റും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ക്ലോപ്പ് പറഞ്ഞു.
‘വാക്‌സിനെടുക്കാത്ത ആളുകളെ ഒരിക്കലും ഞങ്ങള്‍ പരിഗണിക്കാനുദ്ദേശിക്കുന്നില്ല. അവര്‍ ടീമിന് നിരന്തരഭീഷണിയാണ്. അവര്‍ കാരണം ടീമിലുള്ള മറ്റ് താരങ്ങള്‍ക്കും രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്,’ ക്ലോപ്പ് പറഞ്ഞു.
അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഡബിള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ഒരു താരത്തേയും ടീമില്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് ലിവര്‍പൂളിന്റെ നിലപാട്.
‘വാക്‌സിനെടുക്കാത്ത ഒരാളെ ടീമിലെടുക്കുമ്പോള്‍ നമ്മള്‍ വ്യത്യസ്തമായ പല സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രത്യേക ഡ്രസ്സിംഗ് റൂം, പ്രത്യേക ബസ് തുടങ്ങിയവയെല്ലാം ഏര്‍പ്പാടക്കണം. ഇതിനേക്കാളുപരി അവന് ടീമിനൊപ്പം പ്രാക്ടീസ് ചെയ്യാനോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനോ സാധിക്കില്ല,’ ക്ലോപ്പ് പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പോയതിന് ശേഷം ഐസൊലേഷനില്‍ കഴിയുന്നത് ലിവര്‍പൂളമായി സൈനിംഗ് ചെയ്യുന്നതിന് സ്വാധീനിക്കുമെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.