ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടി-20 മത്സരവും ഇന്ത്യ തോറ്റു. ആദ്യ മത്സരത്തില്‍ ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനുമായിരുന്നു ഇന്ത്യയെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്നതെങ്കില്‍ രണ്ടാം മത്സരത്തില്‍ അത് ഹെന്റിച്ച് ക്ലാസനായിരുന്നു.
ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകാത്ത പിച്ചില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ആകെ 148 റണ്‍സായിരുന്നു നേടിയത്. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ 40 റണ്‍സും, ഇഷന്‍ കിഷന്‍ 34 റണ്‍സും നേടി.
തിരിച്ച് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം പതറിയെങ്കിലും ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് പ്രകടനത്തില്‍ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. 149 എന്ന താരതമ്യേനേ ചെറിയ സ്‌കോര്‍ ദക്ഷിണാഫ്രിക്ക 19ാം ഓവറില്‍ തന്നെ മറികടക്കുകയായിരുന്നു.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ ക്ലാസന്റെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞത് പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചഹലാണ്. നാല് ഓവറില്‍ 49 റണ്ണാണ് ചഹല്‍ വിട്ട് നല്‍കിയത്. ഇതില്‍ 30 റണ്ണും നേടിയത് ക്ലാസനായിരുന്നു.
ഇതുവരെ ചഹലിനെതിരെ 25 ബോള്‍ നേരിട്ട ക്ലാസന്‍ 71 റണ്ണാണ് നേടിയത്. എട്ട് സിക്‌സറുകളാണ് ക്ലാസന്‍ ഇന്ത്യന്‍ സ്പിന്നറിനെതിരെ നേടിയത്. 284 ആണ് ചഹലിനെതിരെയുള്ള ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്.
ഐ.പി.എല്ലില്‍ പര്‍പ്പിള്‍ ക്യാപ് ജേതാവായി വന്ന ചഹല്‍ മോശം പ്രകടനമാണ് കഴിഞ്ഞ രണ്ട് കളിയിലും കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ രണ്ടോവറും ഒരു പന്തും മാത്രം എറിഞ്ഞ ചഹല്‍ 26 റണ്‍സാണ് വിട്ടുനല്‍കിയത്.
ഐ.പി.എല്ലിലെ താരത്തിന്റെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമും ആഗ്രഹിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ താരത്തിന് നാലോവര്‍ കൊടുക്കാത്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.