| Friday, 28th April 2023, 8:16 pm

കൂടെ ബാറ്റ് ചെയ്യുന്നവന് പോലും ഇത്രേം നെഗറ്റീവ് വൈബ് ഉണ്ടാക്കുന്ന മറ്റൊരാള്‍ വേറെ കാണില്ല; ആദ്യ ഓവറില്‍ തന്നെ തുഴഞ്ഞ് രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 38ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. മൊഹാലിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും കൈല്‍ മയേഴ്‌സും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുലിന് ലൈഫ് ലഭിച്ചിരുന്നു. പോയിന്റില്‍ അഥര്‍വ തായ്‌ദെ രാഹുലിനെ കൈവിട്ടു കളഞ്ഞിരുന്നില്ലെങ്കില്‍ ഗോള്‍ഡന്‍ ഡക്കായി താരത്തിന് മടങ്ങേണ്ടി വരുമായിരുന്നു.

ആ പന്തില്‍ സിംഗിള്‍ നേടിയ രാഹുല്‍ ഫസ്റ്റ് ഓവര്‍ മെയ്ഡനാക്കാതെ ചീത്തപ്പേര് ഒഴിവാക്കി. തൊട്ടടുത്ത പന്തില്‍ കൈല്‍ മയേഴ്‌സ് സിംഗിള്‍ നല്‍കി സ്‌ട്രൈക്ക് തിരികെ നല്‍കിയെങ്കിലും ശേഷിക്കുന്ന നാല് പന്തിലും ഒറ്റ റണ്‍സ് പോലും പിറന്നില്ല. ആദ്യ ഓവറില്‍ അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് മാത്രമാണ് താരം നേടിയത്.

എന്നാല്‍ അര്‍ഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറില്‍ മയേഴ്‌സ് നാല് ബൗണ്ടറിയടക്കം അടിച്ചെടുത്തത് 17 റണ്‍സാണ്. ഒരു വശത്ത് ഏഴ് പന്തില്‍ നിന്നും 17 റണ്‍സുമായി മയേഴ്‌സ് തിളങ്ങുമ്പോള്‍ മറുവശത്ത് ടെസ്റ്റ് കളിച്ച രാഹുല്‍ അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയാണ് സ്‌കോറിങ്ങിനെ തളര്‍ത്തുന്നത്.

ടി-20യില്‍ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിക്കുന്നതിന്റെ പേരില്‍ കെ.എല്‍. രാഹുല്‍ ഇതാദ്യമായല്ല വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ താരത്തിന്റെ മെല്ലെപ്പോക്കാണ് ലഖ്‌നൗ മത്സരം പരാജയപ്പെടാന്‍ കാരണമായത്.

ഒരുവേള എട്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ 30 പന്തില്‍ നിന്നും 30 റണ്‍സ് മാത്രം മതിയെന്ന സാഹചര്യത്തിലാണ് ലഖ്‌നൗ മത്സരം പരാജയപ്പെട്ടതെന്നും ഓര്‍ക്കണം.

അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ കാര്യമായി ഡെലിവെറികള്‍ പാഴാക്കാതെ താരം പെട്ടെന്ന് തന്നെ പുറത്തായി. ഒമ്പത് പന്തില്‍ നിന്നും 12 റണ്‍സുമായാണ് താരം പുറത്തായത്.

അതേസമയം, മത്സരത്തില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 74 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ലഖ്‌നൗ. 24 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 54 റണ്‍സടിച്ച കൈല്‍ മയേഴ്‌സാണ് പവര്‍പ്ലേയില്‍ എല്‍.എസ്.ജിക്ക് തുണയായത്.

നാല് പന്തില്‍ നിന്നും നാല് റണ്‍സുമായി ആയുഷ് ബദോനിയും ഒരു പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ മാര്‍കസ് സ്റ്റോയിനിസുമാണ് ക്രീസില്‍.

Content Highlight: KL Rahul with yet another slow innings

Latest Stories

We use cookies to give you the best possible experience. Learn more