| Thursday, 21st December 2023, 12:05 pm

വെറും ഒരു ജയം മാത്രം മതി; കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്താന്‍ രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആവേശകരമായ അവസാന മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു.

ഇന്ന് സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമിന് വിജയിക്കാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടമായിരിരിക്കും ഇന്ത്യന്‍ നായകന്‍ കെ.എല്‍ രാഹുല്‍ സ്വന്തമാക്കുക.  സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയാല്‍ സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമായിരിക്കും രാഹുലിനെ തേടിയെത്തുക.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. 2018ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടന്ന ആറ് ഏകദിന മത്സരങ്ങളുടെ പരമ്പരയായിരുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. 5-1നായിരുന്നു ഇന്ത്യ കോഹ്‌ലിയുടെ കീഴില്‍ പരമ്പര സ്വന്തമാക്കിയത്.

ആ പരമ്പരയില്‍ നിരവധി റെക്കോഡുകളും കോഹ്‌ലി സ്വന്തം പേരിലാക്കി മാറ്റിയിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നും 558 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്. 186 അവറേജില്‍ ആയിരുന്നു വിരാട് ബാറ്റ് വീശിയത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ നേടുന്ന താരമായി മാറാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു.

അതേസമയം ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏട്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ തകര്‍ത്തത്. രണ്ടാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക തിരിച്ചു വരുകയായിരുന്നു. അതുകൊണ്ട് തന്നെ ബോളോണ്ട് പാര്‍ക്കില്‍ നടക്കുന്ന മൂന്നാം ഏകദിനം തീപാറുമെന്നുറപ്പാണ്.

Content Highlight: KL Rahul will win today he can become the second Indian captain to win an ODI series in South Africa.

We use cookies to give you the best possible experience. Learn more