കെ.എൽ.രാഹുൽ ലോകകപ്പ് കളിക്കില്ല; തുറന്നടിച്ച് മുൻ പരിശീലകൻ
Cricket news
കെ.എൽ.രാഹുൽ ലോകകപ്പ് കളിക്കില്ല; തുറന്നടിച്ച് മുൻ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd January 2023, 12:36 pm

ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനുമായ സഞ്ജയ്‌ ബംഗാറിന്റെ പരാമർശങ്ങളാണ് ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം.

താരം വരുന്ന ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് സഞ്ജയ്‌ ബംഗാർ അഭിപ്രായപ്പെട്ടത്. പ്രമുഖ സ്പോർട്സ് മാധ്യമമായ ക്രിക്ക് ഇൻഫോയോടാണ് സഞ്ജയ്‌ തന്റെ പ്രതികരണം അറിയിച്ചത്.

രാഹുലിന് പകരക്കാരനായി നിരവധി ഓപ്ഷനുകൾ ഇന്ത്യൻ ടീമിന്റെ കൈവശമുണ്ടെന്നാണ് സഞ്ജയ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും രാഹുലിന് പറ്റിയ പകരക്കാരാണെന്നും സഞ്ജയ്‌ അഭിപ്രായപ്പെട്ടു.

“ഇഷാൻ കിഷൻ മികച്ച ഫോമിലുള്ള ഈ സമയത്ത് ടോപ്പ് ഓർഡറിൽ രാഹുലിന് ടീമിൽ ഇടം പിടിക്കാൻ നന്നായി വിയർക്കേണ്ടി വരും. രാഹുൽ ഏകദിന ഫോർമാറ്റിൽ ഇപ്പോൾ കളിക്കാൻ യോഗ്യനല്ലന്നാണ് ഞാൻ കരുതുന്നത്,’ സഞ്ജയ്‌ പറഞ്ഞു.

“ഐ.പി.എല്ലിൽ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിന്റെ മികവ് എടുത്ത് പറയേണ്ടതാണ്. അത്‌കൊണ്ട് തന്നെ രാഹുലിനേക്കാൾ രോഹിത്തിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഹാർദിക്ക് ഏറ്റെടുക്കാനാണ് സാധ്യത,’ അദ്ദേഹം കൂട്ടിച്ചേർത്തു.2023ൽ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന താരം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയശേഷം അര്‍ധസെഞ്ചുറികള്‍ ഉൾപ്പെടെ നേടിയെങ്കിലും ലോകകപ്പില്‍ അടക്കം നിര്‍ണായക മത്സരങ്ങളില്‍ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.

രോഹിത് ശര്‍മയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും രാഹുലിന്റെ വ്യക്തിഗത പ്രകടനം മികച്ചതായിരുന്നില്ല. അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര തൂത്ത് വാരിയ ഇന്ത്യ ശ്രീ ലങ്കക്കെതിരെ ജനുവരി 3ന് നടക്കുന്ന ടി-20 പരമ്പരയിലാണ് അടുത്തതായി മത്സരിക്കാനിറങ്ങുക.

ബംഗ്ലാ കടുവകൾക്കെതിരെയുള്ള ആദ്യ ടെസ്റ്റ്‌ 188 റൺസിന് വിജയിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിനാണ് വിജയം വരിക്കാൻ സാധിച്ചത്. ചെറിയ വിജയ ലക്ഷത്തിന് മുന്നിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കഷ്ടിച്ചാണ് മത്സരം വിജയിക്കാൻ സാധിച്ചത്.

 

Content Highlights:KL Rahul will not play the World Cup; said former coach