Advertisement
Cricket
രാഹുല്‍ തന്നെ വൈസ് ക്യാപ്റ്റന്‍? റിഷഭ് പന്തിന് അമിതഭാരം നല്‍കേണ്ടെന്ന് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
2021 Dec 09, 08:29 am
Thursday, 9th December 2021, 1:59 pm

മുംബൈ: ഏകദിന-ടി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കെ.എല്‍. രാഹുലിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ നായകനാകുമെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

അതേസമയം വൈസ് ക്യാപ്റ്റന്‍ സ്ഥാനം ആര്‍ക്ക് നല്‍കുമെന്ന് തീരുമാനിച്ചിരുന്നില്ല. കെ.എല്‍. രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നല്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാഹുലിനെ നേരത്തെ ന്യൂസിലാന്റിനെതിരെ ടി-20 മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ഇത് തുടരാനാണ് ബി.സി.സി.ഐ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.

‘കെ.എല്‍. രാഹുലായിരിക്കും അടുത്ത വൈസ് ക്യാപ്റ്റന്‍. ഏറ്റവും അനുയോജ്യനാണ് രാഹുല്‍. കഴിഞ്ഞ കുറച്ചുനാളുകളായി രാഹുല്‍ മികച്ച ഫോമിലാണ്. അദ്ദേഹത്തിന് ഇനിയും ആറേഴ് വര്‍ഷത്തെ കരിയര്‍ ബാക്കിയുണ്ട്. വൈകാതെ ക്യാപ്റ്റനായും വാര്‍ത്തെടുക്കാം,’ പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

ബുധനാഴ്ചയാണ് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി രോഹിതിനെ ബി.സി.സി.ഐ നിയമിച്ചത്. അതേസമയം 34-കാരനായ രോഹിതിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനാല്‍ വൈസ് ക്യാപ്റ്റന്‍ പദവി അനുയോജ്യനായ ആളെ തന്നെ നിയമിക്കണമെന്നാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

കോഹ്‌ലിയുടേയും രോഹിതിന്റേയും നിര്‍ദേശങ്ങള്‍ രാഹുലിന് സഹായകമാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദിനത്തില്‍ ഏറ്റവും മികച്ച ശരാശരിയാണ് 29-കാരനായ രാഹുലിനുള്ളത്.

അതേസമയം 24 കാരനായ റിഷഭ് പന്തിനായും ബി.സി.സി.ഐയിലെ ഒരുവിഭാഗം ആളുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പന്തിന് അമിതഭാരം നല്‍കേണ്ടെന്നും രാഹുല്‍ ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നാല്‍ പന്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നുമാണ് അണിയറയിലെ ചര്‍ച്ചകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KL Rahul will be named Rohit Sharma’s deputy in ODI and T20I