ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ടീം തയ്യാറാക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യ. താരങ്ങളുടെ അതിപ്രസരം കാരണം ആരൊക്കെ ടീമിലുണ്ടാകുമെന്ന് ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടിന് പോലും പറയാന്‍ സാധിക്കില്ല.
പ്രധാനപ്പെട്ട ചില താരങ്ങള്‍ മാത്രമാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഓപ്പണിങ്ങില്‍ നിലവില്‍ രോഹിത്തിന്റെ കൂടെ വ്യത്യസ്ത താരങ്ങളാണ് ഓരോ പരമ്പരയിലും ഇറങ്ങുന്നത്. പ്രോപര്‍ ഓപ്പണിങ് ബാറ്റര്‍ കെ.എല്‍. രാഹുലിന് പരിക്കേറ്റത് കാരണമാണിത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍. രാഹുല്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍. രാഹുലിന്റെ കൂടെ സ്വിങ് ബൗളര്‍ ദീപക് ചഹറും ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് ബി.സി.സി.ഐയെ ഉദ്ധരിച്ച് സോഴ്‌സ് പറഞ്ഞു.
ഇരുവരും പരിക്ക് മൂലം പുറത്തായിരുന്നുവെങ്കിലും ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്ന സമയത്ത് ഇരുവരും സുഖം പ്രാപിച്ചു. തുടയിലേറ്റ പരിക്കില്‍ നിന്നാണ് ചഹര്‍ സുഖം പ്രാപിച്ചത്. രാഹുലിന് ഞരമ്പിന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി.
രാഹുലിന് ഒന്നും തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം ടീമില്‍ വന്നാല്‍ അത് ഓപ്പണിങ് പൊസിഷനിലായിരിക്കുമെന്നും സോഴ്‌സ് പറഞ്ഞു. റിഷബ് പന്തും സൂര്യകുമാര്‍ യാദവും മിഡില്‍ ഓര്‍ഡറില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
‘കെ.എല്‍. രാഹുലിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. അവന്‍ ഒരു ക്ലാസ് കളിക്കാരനാണ്. അവന്‍ ടി-20 കളിക്കുമ്പോഴെല്ലാം ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ എന്ന നിലയിലാണ്. അത് തുടരാനാണ് പ്ലാന്‍. സൂര്യകുമാറും റിഷബ് പന്തും സ്‌പെഷ്യലിസ്റ്റ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരായി കളിക്കാനൊരുങ്ങും,” ബി.സി.സി.ഐ സോഴ്‌സ് പി.ടി.ഐയോട് പറഞ്ഞു.
ടീമിന്റെ പ്രാധാനപ്പെട്ട ബൗളറാണ് ദീപക് ചഹറെന്നും അദ്ദേഹം അവസരത്തിന് അര്‍ഹനാണെന്നും സോഴ്‌സ് പറഞ്ഞു. ഭുവനേശ്വര്‍ കുമാറിന് സമാനമായ ബാക്കപ്പായിരിക്കും ചഹറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരിക്കേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യയുടെ സ്ഥിരതയുള്ള ടി-20 ബൗളര്‍മാരില്‍ ഒരാളായിരുന്നു ചഹര്‍. അവന്‍ അവസരങ്ങള്‍ക്ക് അര്‍ഹനാണ്. കൂടാതെ ഭുവനേശ്വര്‍ കുമാറിന് സമാനമായ ഒരു ബാക്കപ്പ് ഞങ്ങള്‍ക്ക് ആവശ്യമാണ്. അദ്ദേഹം മടങ്ങിയെത്തുമ്പോള്‍ താളം വീണ്ടെടുക്കാന്‍ ധാരാളം ഗെയിമുകള്‍ കളിക്കേണ്ടി വരും, ” സോഴ്‌സ് കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിന് മുമ്പ് തന്നെ ചഹറിന് പരിക്കേറ്റിരുന്നു. എന്നാല്‍ രാഹുലിന് ഐ.പി.എല്ലിന് ശേഷമുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരക്ക് മുന്നോടിയായിട്ടായിരുന്നു പരിക്കേറ്റത്.
ഏഷ്യാ കപ്പിന് മുന്നോടിയായി ടീമിന്റെ പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
Content Highlights: KL Rahul will be back to Asia cup After injury