| Wednesday, 27th December 2023, 6:43 pm

കീപ്പറുടെ മണ്ടത്തരത്തില്‍ രാഹുല്‍ സ്‌ട്രൈക്കില്‍, പിന്നാലെ സിക്‌സറടിച്ച് സെഞ്ച്വറിയും; കലിപ്പായി കോട്‌സി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ കെ.എല്‍. രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവെ സിക്‌സര്‍ നേടിക്കൊണ്ടാണ് രാഹുല്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.

66ാം ഓവറിലെ അവസാന പന്തിലാണ് രാഹുല്‍ സെഞ്ച്വറി നേടിയത്.

ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജാണ് സ്‌ട്രൈക്കിലുണ്ടായിരുന്നത്. സിറാജിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് പേസര്‍ ജെറാള്‍ഡ് കോട്‌സി പുറത്താക്കി. ശേഷം 11ാമനായി പ്രസിദ്ധ് കൃഷ്ണയാണ് കളത്തിലിറങ്ങിയത്. കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് പ്രസിദ്ധ് ബാറ്റേന്തിയത്.

പ്രസിദ്ധിനെ വളരെ പെട്ടെന്ന് തന്നെ പുറത്താക്കി രാഹുലിനെ സെഞ്ച്വറി നേടാന്‍ സാധിക്കാതെ തളച്ചിടാന്‍ കോട്‌സിക്ക് മുമ്പില്‍ അവസരമുണ്ടായിരുന്നു. അതിന് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കന്നിക്കാരനായ പ്രസിദ്ധിനെ പുറത്താക്കിയാല്‍ മാത്രം മതിയായിരുന്നു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെയുടെ അശ്രദ്ധ മൂലം രാഹുല്‍ സ്‌ട്രൈക്കിലെത്തുകയും റെഡ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കുകയുമായിരുന്നു.

66ാം ഓവറിലെ രണ്ടാം പന്ത്, ഫുള്ളറെറിഞ്ഞുകൊണ്ടാണ് കോട്‌സി പ്രസിദ്ധ് കൃഷ്ണയെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് വരവേറ്റത്. തൊട്ടുത്ത പന്തില്‍ മറ്റൊരു ഫുള്‍ ലെങ്ത് ഡെലിവെറി കൂടി എറിഞ്ഞെങ്കിലും കൃത്യമായ ലൈനില്‍ പന്തെറിയാന്‍ കോട്‌സിക്ക് സാധിച്ചില്ല. പന്ത് ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.

പന്ത് കൈപ്പിടിയിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെ സെക്കന്‍ഡ് സ്ലിപ്പിന് പന്ത് കൈമാറുകയായിരുന്നു. ഈ സമയം രാഹുല്‍ ഒരു ക്വിക് സിംഗിളിനായി കോള്‍ ചെയ്യുകയും റണ്‍സ് പൂര്‍ത്തിയാക്കുകയുമായിരുന്നു.

രാഹുല്‍ സ്‌ട്രൈക്കിലെത്തിയതുകണ്ട കോട്‌സി ആകെ കലിപ്പായിരുന്നു.

രാഹുലിനെ ബൗണ്‍സറുകളിലൂടെ ആക്രമിച്ച കോട്‌സി ആദ്യ മൂന്ന് പന്തിലും റണ്‍സ് വഴങ്ങിയില്ല. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ കോട്‌സിയെ ആക്രമിക്കാന്‍ ഉറച്ചുതന്നെയായിരുന്നു. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറടിച്ചുകൊണ്ടായിരുന്നു രാഹുല്‍ തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

മാര്‍കോ യാന്‍സെന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആറ് പന്തും പ്രസിദ്ധ് കൃഷ്ണ ക്രീസില്‍ പിടിച്ചുനിന്നു.

നാന്ദ്രേ ബര്‍ഗര്‍ എറിഞ്ഞ അടുത്ത ഓവറില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള രാഹുലിന്റെ ശ്രമം പാളി. നേരിട്ട 137ാം പന്തില്‍ ബൗള്‍ഡായി രാഹുല്‍ മടങ്ങി.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന സൗത്ത് ആഫ്രിക്ക നിലവില്‍ 40 ഓവര്‍ പിന്നിടുമ്പോള്‍ 150ന് മൂന്ന് എന്ന നിലയിലാണ്. 128 പന്തില്‍ 87 റണ്‍സുമായി ഡീന്‍ എല്‍ഗറും 31 പന്തില്‍ 20 റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

Content Highlight: KL Rahul took advantage of the wicketkeeper’s lack of awareness and completed a quick single

We use cookies to give you the best possible experience. Learn more