| Thursday, 21st July 2022, 11:21 pm

പരിക്ക് കഴിഞ്ഞ് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോള്‍ അടുത്ത പണിമേടിച്ച് രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കെ.എല്‍. രാഹുല്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും കൂടിയാണ് രാഹുല്‍. വരുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ് ഈ ഓപ്പണര്‍ ബാറ്റര്‍. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ട് കാലം കുറെയായി.

കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ നായകനായി രാഹുലിനെയായിരുന്നു നിശ്ചയിച്ചത്. പക്ഷെ പരിക്ക് കാരണം അദ്ദേഹത്തിന് പരമ്പരയില്‍ കൡക്കാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ പരിക്ക് ഭേദപ്പെട്ട് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുകയായിരുന്നു താരം. ഇപ്പോഴിതാ പരമ്പരക്ക് പോകാന്‍ ഒരങ്ങുന്നതിന് മുന്നോടിയായി കൊവിഡ് പോസീറ്റീവായിരിക്കുകയാണ് രാഹുലിന്.

ചികിത്സയ്ക്ക് ശേഷം നാഷണല്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിക്കവറിയിലായിരുന്നു താരം. അവിടെയുള്ള യുവതാരങ്ങള്‍ക്ക് ക്ലാസ് സെഷനുകള്‍ എടുക്കുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ തേടി വീണ്ടും നിര്‍ഭാഗ്യമെത്തുകയായിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ അരങ്ങേറുന്ന സിംബാബ്‌വേ പരമ്പരയിലായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. സീനിയര്‍ താരങ്ങള്‍ റെസ്റ്റ് എടുക്കുന്ന പരമ്പരയില്‍ രാഹുലായിരിക്കും ടീമിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോമൗട്ടില്‍ നില്‍ക്കുന്ന വിരാട് കോഹ്‌ലി പരമ്പര കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പരിക്ക് കാരണം രാഹുലിന് ദക്ഷിണാഫ്രിക്കക്കെതിരയുള്ള പരമ്പരയോടൊപ്പം ഇംഗ്ലണ്ടിനെതിരെയുള്ള മാറ്റിവെച്ച ടെസ്റ്റ് മത്സരവും ട്വന്റി-20 പരമ്പരയും ഏകദിന പരമ്പരയും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഓക്‌റ്റോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ രോഹിത്തിന്റെ കൂടെയുള്ള രണ്ടാം ഓപ്പണര്‍ രാഹുലാണെന്ന് ഏകദേശം ഉറപ്പായ കാര്യമാണ്. എന്നാല്‍ പരിക്കുകള്‍ അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെടുത്തുമോ എന്നാണ് ടീം ഇന്ത്യയും ആരാധകരും ഭയക്കുന്നത്.

Content Highlights: KL Rahul tested positive for covid 19

Latest Stories

We use cookies to give you the best possible experience. Learn more