| Tuesday, 12th November 2024, 12:38 pm

ലഖ്‌നൗ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി രാഹുല്‍; മുന്നിലുള്ളത് വമ്പന്‍ ലക്ഷ്യം!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്‍ മെഗാ ലേലത്തിനോട് അനുബന്ധിച്ച് എല്ലാ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. ഇതോടെ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുന്‍ ക്യാപ്റ്റന്‍ രാഹുലിനെ ലേലത്തില്‍ വിട്ട് നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരെയാണ് നിലനിര്‍ത്തിയത്.

കഴിഞ്ഞ ലേലത്തില്‍ ഡ്രാഫ്റ്റ് പിക്കായി 17 കോടി രൂപയ്ക്കാണ് രാഹുലിനെ എല്‍.എസ്.ജി സ്വന്തമാക്കിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താരം 2025ല്‍ എല്‍.എസ്.ജിയുടെ കുടെ പോവാന്‍ താത്പര്യപ്പെടാത്തതിനാല്‍ മെഗാലേലത്തില്‍ സ്ലോട്ട് ചെയ്യുകയായിരുന്നു. ഇപ്പോള്‍ താന്‍ ഫ്രാഞ്ചൈസി വിട്ടതിന്റെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍.

രാഹുല്‍ എല്‍.എസ്.ജി വിട്ടതിന്റെ കാരണം

‘എനിക്ക് സ്വാതന്ത്ര്യവും മികച്ച ടീം അന്തരീക്ഷവും ലഭിക്കുന്ന സ്ഥലത്തേക്ക് പോകാനാണ് ആഗ്രഹം. പുതുതായി ആരംഭിക്കാനും ഓപ്ഷനുകള്‍ എക്‌സ്പീരിയന്‍സ് ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു. ചില സമയങ്ങളില്‍ നിങ്ങള്‍ മാറി മാറി എന്തെങ്കിലും നല്ലത് കണ്ടെത്തേണ്ടതുണ്ട്,

നിലവില്‍ ഞാന്‍ ഇന്ത്യന്‍ ടി-20 ടീമിന് പുറത്താണ്, ടീമിലേക്ക് മടങ്ങാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യക്കായി കളിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി 18ാം ഐ.പി.എല്‍ സീസണിനായി ഞാന്‍ കാത്തിരിക്കുകയാണ്,’ രാഹുല്‍ സ്റ്റാര്‍ സ്‌പോര്‍ടസില്‍ പറഞ്ഞു.

ഇതോടെ ഐ.പി.എല്‍ മെഗാ ലോലത്തില്‍ രാഹുലിന് വേണ്ടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് എന്നീ ഫ്രാഞ്ചൈസികള്‍ കരുക്കള്‍ നീക്കുമെന്ന് ഉറപ്പാണ്.

ടീം തിരിച്ചുവിളിച്ചെങ്കിലും രാഹുല്‍ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ എല്‍.എസ്.ജി ടീം ഉടമ ടീമിന്റെ മോശം പ്രകടനത്തെ ചൊല്ലി രാഹുലിനെ ശകാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

2024ല്‍ 14 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സും 82 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 136.12 എന്ന സ്ട്രൈക്ക് റേറ്റുമായിരുന്നു രാഹുലിന്. ഐ.പി.എല്ലില്‍ 45 ശരാശരിയിലും 134 സ്‌ട്രൈക്ക് റേറ്റിലും 4,683 റണ്‍സാണ് രാഹുല്‍ നേടിയത്. ഐ.പി.എല്‍ 2023 സീസണില്‍ താരം 113 എന്ന മോശം സ്‌ട്രൈക്ക് റേറ്റ് നേടി.

Content Highlight: KL Rahul Talking About Why He Move From L.S.G

We use cookies to give you the best possible experience. Learn more