| Thursday, 29th September 2022, 8:51 am

ഗ്രീന്‍ഫീല്‍ഡില്‍ പ്രാക്ടീസ് ചെയ്തപ്പോഴെ മനസിലായതാണ് ഇങ്ങനെയാണെന്ന്, പക്ഷെ എനിക്ക് ടീമിനെ ജയിപ്പിക്കണമായിരുന്നു; മത്സരത്തിന് ശേഷം ഇന്ത്യന്‍ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റിരുന്നു.

ക്യാപ്റ്റന്‍ തെംബ ബാവുമയെ പൂജ്യത്തിന് മടക്കിയാണ് ദീപക് ചഹര്‍ മത്സരത്തിന് ഇറങ്ങിയത്. പിന്നീട് വന്ന ബാറ്റര്‍മാര്‍ക്കെല്ലാം ഈ ഗതി തന്നെയായിരുന്നു. ഒമ്പത് റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഇന്ത്യ എറിഞ്ഞിട്ടത്.

20 ഓവര്‍ പിന്നിട്ടപ്പോള്‍ 108 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്ക് നേടിയത്. ഒരു ഘട്ടത്തില്‍ 100 പോലും കടക്കില്ലെന്ന് തോന്നിയ പ്രോട്ടീസിനെ 108 റണ്‍സ് കടത്തിയത് കേശവ് മഹാരാജായിരുന്നു. 35 പന്ത് നേരിട്ട് 41 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് മൂന്നും ചഹര്‍, ഹര്‍ഷല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. അക്സര്‍ പട്ടേലാണ് ഒരു വിക്കറ്റ് നേടിയത്. വിക്കറ്റ് നേടിയില്ലെങ്കിലും മികച്ച ബൗളിങ്ങായിരുന്നു വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നടത്തിയത്.

നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. ഒരു മെയ്ഡനും അദ്ദേഹത്തിന്റെ സ്പെല്ലിലുണ്ടായിരുന്നു

ആവേശകരമായ ഹൈ സ്‌കോറിങ് മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് ബൗളിങ് വിരുന്നായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും ബാറ്റിങ്ങില്‍ പണി കിട്ടും എന്ന് തോന്നിയിരുന്നു. പേസ് തുപ്പുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുമ്പില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി.

എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് മത്സരം നിയന്ത്രിക്കുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ച് സൂര്യക്ക് ഫ്‌ളാറ്റ് പിച്ച് മാത്രമായിരുന്നു. 33 പന്ത് നേരിട്ട് 50 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അയാള്‍ക്ക് സാധിച്ചു.

മികച്ച പിന്തുണയായിരുന്നു കെ.എല്‍. രാഹുല്‍ നല്‍കിയത്. സൂര്യ തകര്‍ത്തടിച്ചപ്പോള്‍ രാഹുല്‍ നങ്കൂരമിട്ട് കളിച്ചു. 56 പന്ത് നേരിട്ട് 51 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ പ്രധാന പങ്ക്‌വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

മത്സര ശേഷം ഈ പിച്ചില്‍ കളിക്കുന്നത് കഠിനമായിരുന്നുവെന്ന് ഇന്നലെ പ്രാക്ടീസ് ചെയ്തപ്പോഴെ മനസിലായെന്നും എന്നാല്‍ തനിക്ക് സ്ട്രഗിള്‍ ചെയ്തിട്ടായാലും ജയിപ്പിക്കണം എന്നായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

‘ഇത് ഹാര്‍ഡ് വര്‍ക്കായിരുന്നു. എന്നാല്‍ വന്നയുടനെ തന്നെ സൂര്യ ഷോട്ടുകള്‍ കളിക്കുന്നത് അവിശ്വസനീയമായിരുന്നു. പന്ത് പറക്കുന്നത് നമ്മള്‍ കണ്ടതാണ്, എന്നാല്‍ ആ സാഹചര്യത്തിലും സൂര്യ വന്ന് ആക്രമിച്ച് കളിച്ച സമീപനം അതിശയകരമാണ്.

ആദ്യ പന്തിന് ശേഷം, ആക്രമണോത്സുകത കാണിക്കാനും ബൗളറെ ഏറ്റെടുക്കാനും അദ്ദേഹം ആഗ്രഹിച്ചു. തന്റെ സ്വന്തം ശൈലിയില്‍ ഷോട്ടുകള്‍ കളിക്കണമെന്നും കുറച്ച് റണ്‍സ് നേടണമെന്നും അദ്ദേഹം പറഞ്ഞു. അത് സമയമെടുത്ത് കളിക്കാന്‍ എന്നെ സഹായിച്ചു. ഞങ്ങള്‍ ഇന്നലെ ഇവിടെ പ്രാക്ടീസ് ചെയ്തിരുന്നു. അപ്പോഴെ മനസിലായി, അതുകൊണ്ട് ഇങ്ങനത്തെ വിക്കറ്റിന് തയ്യാറായിട്ടായിരുന്നു വന്നത്. ഇത് എളുപ്പമുള്ള വിക്കറ്റായിരുന്നില്ല. എന്നാല്‍ വെല്ലുവിളി നേരിടാനും ടീമിന് വേണ്ടി ജോലി ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു,’ മത്സരത്തിന് ശേഷം രാഹുല്‍ പറഞ്ഞു.

Content Highlight: kl Rahul Speaks About Pitch after first t20I

We use cookies to give you the best possible experience. Learn more