ബോർഡർ-ഗവാസ്ക്കർ ട്രോഫി വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നതിന് തൊട്ട് പിന്നാലെ ഓസീസിനെ വീണ്ടും പരാജയപ്പെടുത്തിയിരിക്കുകയാണ് ടീം ഇന്ത്യ.
ഓസീസിനെതിരെയുള്ള ത്രിദിന ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിലാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 35.4 ഓവറിൽ 188 റൺസിന് പുറത്തായിരുന്നു. 81 റൺസെടുത്ത മിച്ചൽ മാർഷിന് മാത്രമാണ് ഓസീസ് ബാറ്റിങ് നിരയിൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ സാധിച്ചത്.
മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ.എൽ രാഹുലിന്റെയും ജഡേജയുടെയും ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
എന്നാൽ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിയാതിരുന്നതിന് പിന്നാലെ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന കെ. എൽ. രാഹുലിന്റെ മികച്ച ബാറ്റിങ് പ്രകടനം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
താരം ഫോമിലേക്ക് തിരിച്ചു വന്നത് ഇന്ത്യൻ ക്യാമ്പിനും ആഹ്ലാദം പകരുന്ന വാർത്തയാണ്.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് കെ. എൽ.രാഹുൽ.
ഏകദിന മത്സരങ്ങളിലെ ഹാഫ് സെഞ്ച്വറികളുടെ കണക്കിൽ വിരാടിനൊപ്പമെത്തിയിരിക്കുകയാണ് രാഹുൽ.
18 ഹാഫ് സെഞ്ച്വറികളാണ് വിരാടും രാഹുലും ഏകദിന മത്സരങ്ങളിൽ നിന്നും സ്കോർ ചെയ്തിട്ടുള്ളത്.
19 ഹാഫ് സെഞ്ച്വറികൾ നേടിയ നവ്ജ്യോദ് സിദ്ധുവാണ് ഏറ്റവും കൂടുതൽ എകദിന ഹാഫ് സെഞ്ച്വറികൾ സ്വന്തമാക്കിയ ഇന്ത്യൻ താരം.
17 ഹാഫ് സെഞ്ച്വറികളുമായി ശിഖർ ധവാൻ അർദ്ധ സെഞ്ച്വറികണക്കിൽ വിരാടിനും രാഹുലിനും പിന്നിലുണ്ട്.
അതേസമയം മാർച്ച് 19ന് വൈ.എസ്.ആർ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയുടെ ഓസീസിനെതിരെയുള്ള അടുത്ത മത്സരം.