| Friday, 28th April 2023, 11:43 pm

ബാറ്റിങ്ങില്‍ വെറും തോല്‍വിയായാലെന്താ, റെക്കോഡൊക്കെ ചെക്കന്റെ പേരിലല്ലേ; 12 റണ്‍സില്‍ പുതിയ റെക്കോഡിലെത്തി കെ.എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022 സീസണിലെ പോലെ തന്നെ മികച്ച പ്രകടനവുമായി ഈ സീസണിലും കുതിപ്പ് തുടരുകയാണ് കെ.എല്‍. രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 10 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് സൂപ്പര്‍ ജയന്റ്‌സ്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സുമായുള്ള മത്സരം ജയിച്ചതിന് പിന്നാലെയാണ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ ലഖ്‌നൗവിനായത്.

ടീമിന്റെ പ്രകടനം മെച്ചപ്പെട്ടെങ്കിലും ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന് അത്ര നല്ല സീസണല്ല ഇത്തവണത്തേത്. എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 274 റണ്‍സ് മാത്രമാണ് താരത്തിന് തന്റെ അക്കൗണ്ടിലാക്കാന്‍ കഴിഞ്ഞത്. പഞ്ചാബുമായുള്ള മത്സരത്തിലും 9 പന്തില്‍ 12 റണ്‍സുമായി കൂടാരം കയറാനായിരുന്നു രാഹുലിന്റെ വിധി.

ബാറ്റിങ്ങില്‍ വീണ്ടും പരാജയമായെങ്കിലും പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ ചേര്‍ത്താണ് രാഹുല്‍ കളം വിട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ 50 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ഐ.പി.എല്‍ റെക്കോഡാണ് ഇത്തവണ രാഹുലിനെ തേടിയെത്തിയത്. നേരത്തെ ഡേവിഡ് വാര്‍ണര്‍ കയ്യടക്കിവെച്ചിരുന്ന സ്ഥാനത്തിനാണ് അവസാന മത്സരത്തിലെ 12 റണ്‍സോടെ രാഹുലുമെത്തിയിരിക്കുന്നത്. നിലവില്‍ രാഹുലും വാര്‍ണറും ടേബിളില്‍ ഒപ്പത്തിനൊപ്പമാണ്.

ക്യാപ്റ്റനെന്ന നിലയില്‍ 50 മത്സരത്തിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍,

1-കെ.എല്‍. രാഹുല്‍- 2186
2-ഡേവിഡ് വാര്‍ണര്‍ -2186
3-സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 1683
4-വിരാട് കോഹ്‌ലി- 1647

ഇതുകൂടാതെ മറ്റൊരു റെക്കോഡും രാഹുല്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ആദ്യ 50 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും മികച്ച ആവറേജ് കണ്ടെത്തിയ ക്യാപ്റ്റന്‍മാരുടെ പട്ടികയിലും ഡേവിഡ് വാര്‍ണറെ മറികടന്ന് ഒന്നാമതെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

52 ആണ് ആദ്യ 50 മത്സരങ്ങളിലെ രാഹുലിന്റെ ആവറേജ്. തൊട്ട് പിന്നിലുള്ള വാര്‍ണറിന്റെ ശരാശരി 50.8 ആണ്. 40.2 ശരാശരിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. മുംബെയുടെ ക്യാപ്റ്റനായിരുന്ന സച്ചിനാണ് 40.1 ശരാശരിയുമായി പട്ടികയില്‍ നാലാമതുള്ളത്.

2022 സീസണിലെ ബാറ്റിങ്ങിന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ രാഹുലിന് പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സുമായും, പഞ്ചാബ് കിങ്‌സുമായും നടന്ന മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് ഫിഫ്റ്റി കണ്ടെത്താന്‍ സാധിച്ചത്.

Content Highlight: KL rahul set new record in ipl

We use cookies to give you the best possible experience. Learn more