ലോകകപ്പില്‍ സിക്‌സടിച്ച് കളി ജയിപ്പിച്ചിട്ടും രാഹുലിന് നിരാശ
Cricket
ലോകകപ്പില്‍ സിക്‌സടിച്ച് കളി ജയിപ്പിച്ചിട്ടും രാഹുലിന് നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th October 2023, 1:24 pm

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്.

രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ കൂപ്പുകുത്തിയ ഇന്ത്യയെ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരുടെയും അപരാജിത ചെറുത്ത് നില്‍പാണ് ഇന്ത്യക്ക് തുണയായത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.

ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 115 പന്തില്‍ നിന്നും രാഹുല്‍ പുറത്താകാതെ 97 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ നിന്നും 11 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. കെ.എല്‍. രാഹുലാണ് മത്സരത്തിലെ താരം.

എന്നാല്‍ മത്സരത്തില്‍ സിക്‌സടിച്ച് ഇന്ത്യയെ ജയിപ്പിക്കാനായെങ്കിലും താന്‍ തൃപ്തനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍.

താരത്തിന്റെ റണ്‍സ് 91ല്‍ എത്തി നില്‍ക്കെ അഞ്ച് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു ഫോറും സികസുമടിച്ച് സെഞ്ച്വറി നേടാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആദ്യം തന്നെ താരം സിക്‌സടിച്ചതോടെ ഇന്ത്യ കളിയില്‍ വിജയിച്ചു.

സെഞ്ച്വറിയടിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിരുന്നെന്നും മറ്റൊരിക്കല്‍ അത് സാധ്യമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നേഴ്‌സിന്റെ മികച്ച പ്രകടനമാണ് ശക്തരായ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും ബുംറയും രണ്ട് വീതവും അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: KL Rahul seems down on his haunches after India’s win