ഇന്ത്യ – സൗത്ത് ആഫ്രിക്ക സീരീസിലെ രണ്ടാം മത്സരത്തിലും ജയിച്ച് ആധികാരികമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്‍ഡോറിലെ മൂന്നാം ടി-20യും ജയിച്ച് വൈറ്റ് വാഷ് ചെയ്യാനാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സംഘവും ഒരുങ്ങുന്നത്.
അസമില്‍ റണ്‍മഴ പെയ്ത ദിവസമായിരുന്നു ഒക്ടോബര്‍ രണ്ട് ഞായറാഴ്ച. 240 പന്തില്‍ നിന്നും 458 റണ്‍സാണ് ഇരുടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്.
ഇന്ത്യന്‍ നിരയില്‍ 22 പന്തില്‍ നിന്നും 61 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ടോപ് സ്‌കോററായപ്പോള്‍ പ്രോട്ടീസ് നിരയില്‍ ദി സൈലന്റ് അസാസിന്‍ ഡേവിഡ് മില്ലറായിരുന്നു ടോപ് സ്‌കോറര്‍. 47 പന്തില്‍ നിന്നും 106 റണ്‍സാണ് മില്ലര്‍ സ്വന്തമാക്കിത്.
ഏറെ നാളുകള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ ടി-20യില്‍ ടി-20 കളിച്ച മത്സരം കൂടിയായിരുന്നു ഇത്. തന്റെ മെല്ലെപ്പോക്കിന് ആരാധകരുടെ കയ്യില്‍ നിന്നും കൊട്ടക്കണക്കിന് വിമര്‍ശനമേറ്റുവാങ്ങിയ താരം ഒറ്റയടിക്ക് അതെല്ലാം നിഷ്പ്രഭമാക്കിയ ഇന്നിങ്‌സായിരുന്നു പുറത്തെടുത്തത്.
28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. രാഹുലിന്റെ മികച്ച പ്രകടനം താരത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനാക്കിയിരുന്നു.
എന്നാല്‍ ഒരു ഭാഗത്ത് 277.27 പ്രഹര ശേഷിയില്‍ 61 റണ്‍സ് നേടിയ സൂര്യരുമാറും മറുതലക്കല്‍ മത്സരം തോറ്റെങ്കിലും സെഞ്ച്വറി തികച്ച മില്ലറും നില്‍ക്കുമ്പോള്‍ രാഹുലിന് പുരസ്‌കാരം നല്‍കിയതിനെതിരെ ആരാധകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ ഈ പുരസ്‌കാരം തനിക്കായിരുന്നില്ല, മറിച്ച് സൂര്യകുമാറിന് തന്നെയായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍. മധ്യനിരയില്‍ കളിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നും സൂര്യകുമാറാണ് മത്സരം ഇന്ത്യക്കനുകൂലമാക്കിയതെന്നുമാണ് രാഹുല്‍ പറഞ്ഞത്.
‘മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എനിക്കാണ് ലഭിക്കുന്നതെന്നറിഞ്ഞ ഞാന്‍, ശരിക്കും ആശ്ചര്യപ്പെട്ടുപ്പോയി. സൂര്യക്കായിരുന്നു (സൂര്യകുമാര്‍ യാദവ്) അത് ലഭിക്കേണ്ടിയിരുന്നത്. അവനാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്ത അനുഭവമുള്ളതിനാല്‍ അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.
ഡി.കെക്ക് (ദിനേഷ് കാര്‍ത്തിക്)എപ്പോഴും കുറച്ചു പന്തുകള്‍ മാത്രമാണ് ലഭിക്കാറുള്ളത്. അദ്ദേഹവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സൂര്യകുമാറും വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പന്തിലെ ബാക്ക് ഫൂട്ട് പഞ്ചാണ് എന്നെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സഹായിച്ചത്,’ രാഹുല്‍ പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ നാലിന് പരമ്പരയിലെ അവസാന മത്സരം ഇന്‍ഡോറില്‍ വെച്ച് നടക്കും. മൂന്നാം ടി-20യും ആധികാരികമായി ജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Content Highlight: KL Rahul says Suryakumar Yadav deserves the Man Of The Match award