|

'വെറുക്കുന്ന' ഇന്ത്യന്‍ താരത്തിന്റെ പേര് വെളിപ്പെടുത്തി കെ.എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

നെറ്റ്‌സില്‍ നേരിടാന്‍ വെറുക്കുന്ന താരം മുഹമ്മദ് ഷമിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുമായുള്ള ഒരു ചോദ്യോത്തര വേളയിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റൊരു ചോദ്യത്തിന് നേരിട്ട ബൗളര്‍മാരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയും രാഹുല്‍ തെരഞ്ഞടുത്തു.

ഏറ്റവും ബുദ്ധിമാനായ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ രോഹിത് ശര്‍മയുടെ പേരാണ് രാഹുല്‍ പറഞ്ഞത്.

ഇന്ത്യന്‍ ഡ്രസ്സങ് റൂമില്‍ മുന്‍ പേസര്‍ ഇഷാന്ത് ശര്‍മ ആദ്യം ഭയപ്പെടുത്തിയെങ്കിലും പിന്നീട് അദ്ദേഹത്തില്‍ നിന്ന് ശക്തമായ പിന്തുണ ലഭിച്ചതായും മികച്ച ബന്ധം പങ്കിട്ടതായും അദ്ദേഹം ഓര്‍മ്മിച്ചു.

ഷോയില്‍ ഇന്ത്യന്‍ ബാറ്റിങ് ഐക്കണ്‍ വിരാട് കോഹ്ലിയുടെ സിഗ്‌നേച്ചര്‍ ഫ്‌ളിക് ഷോട്ടിനെ കര്‍ണാടക ബാറ്റ്സ്മാന്‍ പ്രശംസിച്ചു. അത് തന്റെ സ്വന്തം കഴിവുകളിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ സമ്മതിച്ചു.

നിലവില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്ത്വാഡിന്റെ ഭാഗമായി കെ.എല്‍ രാഹുല്‍ ഇപ്പോള്‍ ദുബായിലാണുള്ളത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. വിക്കറ്റിന് പിന്നിലും രാഹുല്‍ തിളങ്ങി. പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

അതേസമയം, ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സെമി ഫൈനലിനും യോഗ്യത നേടി. ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡാണ് ഗ്രൂപ്പ് എ-യില്‍ നിന്നും സെമിയില്‍ പ്രവേശിച്ച മറ്റൊരു ടീം.

ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ പാകിസ്ഥാന്‍, ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്.

കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരായ രണ്ടാം മത്സരവും പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സെമി സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിരുന്നില്ല. ന്യൂസിലാന്‍ഡ് തങ്ങളുടെ രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ റണ്‍ റേറ്റിന്റെ കൂടി അടിസ്ഥാനത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ വഴിയൊരുങ്ങുമായിരുന്നു.

എന്നാല്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയതോടെ പാകിസ്ഥാന്റെ വഴിയും അടയുകയായിരുന്നു.

Content Highlight: KL Rahul says he hates to face Mohammed Shami in nets

Latest Stories