ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നല്‍കിയത്.
ആദ്യ വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 48 റണ്‍സാണ് പാര്‍ട്‌നര്‍ഷിപ്പിലേക്ക് സംഭാവന നല്‍കിയത്.
ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ പ്രകടനമാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത്. കാലങ്ങള്‍ക്ക് ശേഷം ടി-20യില്‍ വെടിക്കെട്ട് നടത്തിയാണ് രാഹുല്‍ തരംഗമായത്.
കഴിഞ്ഞ മത്സരത്തിലും ഇന്ത്യയുടെ വിജയത്തില്‍ മികച്ച സംഭാവനയാണ് താരം നല്‍കിയതെങ്കില്‍ കൂടിയും ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ മത്സരം വിജയിച്ചെങ്കിലും താരത്തിന്റെ മെല്ലെപ്പോക്ക് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചതും.
രണ്ടാം മത്സരത്തില്‍ കേവലം 24 പന്തില്‍ നിന്നും അര്‍ധസെഞ്ച്വറി തികച്ചാണ് രാഹുല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കവെ സിക്‌സറടിച്ചാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
അഞ്ച് ബൗണ്ടറിയും നാല് സിക്‌സറുമാണ് അര്‍ധ ശതകത്തിനായി താരം അടിച്ചുകൂട്ടിയത്.
ഒടുവില്‍ 28 പന്തില്‍ 57 റണ്‍സുമായി നില്‍ക്കവെ കേശവ് മഹാരാജിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. 203.57 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.
കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞ റബാദയും വെയ്ന്‍ പാര്‍ണെലും ഇതിനോടകം തന്നെ മികച്ച രീതിയില്‍ അടി വാങ്ങിക്കൂട്ടിയിട്ടുണ്ട്. രണ്ട് ഓവര്‍ വീതമെറിഞ്ഞ ഇരുവരും യഥാക്രമം 18, 21 എന്നിങ്ങനെ റണ്‍സ് വഴങ്ങി.
നിലവില്‍ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.
അസമില്‍ നടക്കുന്ന രണ്ടാം ടി-20യില്‍ വിജയിച്ചാല്‍ പരമ്പര നേടാന്‍ ഇന്ത്യക്കാവും.
Content Highlight: KL Rahul’s incredible performance in India vs South Africa 2nd T20