| Tuesday, 26th December 2023, 9:37 pm

ഡിസംബര്‍ 26ന്റെ മായാജാലം; രാഹുലിന്റെ ബോക്‌സിങ് ഡേ അഥവാ ഇന്ത്യയുടെ തിരിച്ചുവരവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്‌സ് 59 ഓവര്‍ പിന്നിടവെ മഴയെത്തുകയും കളി തുടരാന്‍ സാധിക്കാതെ വന്നതോടെ ആദ്യ ദിന മത്സരം അവസാനിപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിയിരുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാതെ യശസ്വി ജെയ്‌സവാളും മടങ്ങി.

24ന് മൂന്ന് എന്ന നിലയില്‍ നിന്നും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ലഞ്ചിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടപ്പെടാതെ കാക്കാന്‍ വിരാടിനും അയ്യരിനും സാധിച്ചെങ്കിലും ശേഷം അധികനേരം ക്രീസില്‍ തുടരാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

ലഞ്ചിന് തൊട്ടുപിന്നാലെ അയ്യര്‍ പുറത്തായപ്പോള്‍ അധികം വൈകാതെ വിരാട് കോഹ്‌ലിയും മടങ്ങി. അയ്യര്‍ 50 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ നിന്നും 38 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്.

ആറാം നമ്പറില്‍ ക്രീസിലെത്തിയ കെ.എല്‍. രാഹുലാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. ഷര്‍ദുല്‍ താക്കൂറിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രാഹുല്‍ ക്രീസില്‍ നങ്കുരമിട്ടിരിക്കുകയാണ്.

33 പന്തില്‍ 24 റണ്‍സ് നേടിയ താക്കൂര്‍ മടങ്ങിയെങ്കിലും അശ്വിന്‍, ബുംറ, സിറാജ് എന്നിവരെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

നിലവില്‍ 105 പന്തില്‍ 70 റണ്‍സ് നേടിയാണ് രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണാകുന്നത്. 10 പന്തില്‍ റണ്‍സൊന്നും നേടാതെ മുഹമ്മദ് സിറാജാണ് ആദ്യ ദിനമവസാനിക്കുമ്പോള്‍ രാഹുലിന് കൂട്ടായി ക്രീസിലുള്ളത്.

ഡിസംബര്‍ 26 രാഹുലിന് എന്നും പ്രിയപ്പെട്ട ദിവസമാണ്. താരത്തിന്റെ കരിയറിലെ ചില നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ സംഭവിച്ചത് ബോക്‌സിങ് ഡേയിലാണ്.

2014 ഡിസംബര്‍ 26നാണ് രാഹുല്‍ അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഡിസംബര്‍ 26ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ സൗത്ത് ആഫ്രിക്കയില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു. 260 പന്തില്‍ നിന്നും 123 റണ്‍സാണ് രാഹുല്‍ നേടിയത്. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 113 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായി തെരഞ്ഞെടുത്തതും രാഹുലിനെ തന്നെ.

ഇപ്പോള്‍ മറ്റൊരു ഡിസംബര്‍ 26ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. ഇതിനോടകം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ രാഹുല്‍ മത്സരം ഇന്ത്യയുടേതാക്കുമോ എന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ഇന്ത്യക്കെതിരെ ഫൈഫര്‍ പൂര്‍ത്തിയാക്കി കഗീസോ റബാദ ചരിത്രം സൃഷ്ടിച്ചിരുന്നു. കരിയറിലെ 500ാം അന്താരാഷ്ട്ര വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

റബാദയുടെ അഞ്ച് വിക്കറ്റിന് പുറമെ അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗര്‍ രണ്ടും മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി.

Content Highlight: KL Rahul’s brilliant innings against South Africa

Latest Stories

We use cookies to give you the best possible experience. Learn more