ഐ.പി.എല്‍ 2023ലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ തിളങ്ങി ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍. ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാനാ സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് രാഹുല്‍ തരംഗമായത്.
56 പന്തില്‍ നിന്നും 74 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 132.14 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.
ഇതിന് പുറമെ ഐ.പി.എല്‍ 4,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കെ.എല്‍. രാഹുലിന് സാധിച്ചിരുന്നു. 114 മത്സരത്തിലെ 105 ഇന്നിങ്‌സുകളില്‍ നിന്നുമാണ് രാഹുല്‍ 4,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന 14ാമത് താരവും 11ാമത് ഇന്ത്യന്‍ താരവുമാണ് രാഹുല്‍.
ഐ.പി.എല്‍ 2023ല്‍ അഞ്ച് മത്സരത്തില്‍ നിന്നും 156 റണ്‍സാണ് താരം നേടിയത്. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ 11ാം സ്ഥാനത്താണ് രാഹുല്‍.
ഈ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ 74 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (നിലവില്‍). 113.13 എന്ന സ്‌ട്രൈക്ക് റേറ്റിലും 31.00 എന്ന ശരാശരിയിലുമാണ് രാഹുല്‍ റണ്‍സ് നേടിയത്.
അതേസമയം, രാഹുലിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.
പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ സാം കറന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദ രണ്ട് വിക്കറ്റും സ്വന്തമാക്കി. അര്‍ഷ് ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, സിക്കന്ദര്‍ റാസ എന്നിവരാണ് പഞ്ചാബിന്റെ മറ്റ് വിക്കറ്റ് വേട്ടക്കാര്‍.
നായകന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ അഥര്‍വ തായ്‌ദെ, പ്രഭ്‌സിമ്രാന്‍ സിങ്, മാത്യൂ ഷോര്‍ട്ട് എന്നിവരുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. യുദ്ധ്‌വീര്‍ സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംപാക്ട് പ്ലെയറായെത്തിയ കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും പേരിലാക്കി.
Content Highlight: KL Rahul’s best performance against Punjab Kings