ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി ബാറ്റിങ് തുടരുകയാണ്. ലോവര്‍ ഓര്‍ഡറില്‍ ആകാശ് ദീപിന്റെയും വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും അപരാജിത ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയത്.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഓസ്ട്രേലിയ: 445
ഇന്ത്യ: 252/9
ഇന്ത്യന്‍ സ്‌കോര്‍ 219ല്‍ നില്‍ക്കവെയാണ് ഒമ്പതാം വിക്കറ്റായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയെ ഇന്ത്യക്ക് നഷ്ടപ്പെടുന്നത്. ഇതോടെ ആരാധകരുടെ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. കാരണം ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയുമേറെ സ്‌കോര്‍ ചെയ്യണമായിരുന്നു.
11ാം നമ്പറില്‍ ക്രീസിലെത്തിയ ആകാശ് ദീപിനെയും പുറത്താക്കി ഇന്ത്യയെ നാലാം ദിവസം അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഇന്നിങ്സിനിറക്കാം എന്ന ഓസീസ് മോഹങ്ങള്‍ക്ക് ഒട്ടും ആയുസ്സുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടക്കമുള്ള ഓസീസ് ബൗളര്‍മാരെ തച്ചുടച്ച ആകാശ് ദീപും ജസ്പ്രീത് ബുംറയും ചെറുത്തുനിന്നു.
54 പന്ത് നേരിട്ട് 39 റണ്‍സുമായാണ് ബുംറ – ആകാശ് ദീപ് സഖ്യം ബാറ്റിങ് തുടരുന്നത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ ആകാശ് ദീപ് 31 പന്തില്‍ 27 റണ്‍സും ജസ്പ്രീത് ബുംറ 27 പന്തില്‍ പത്ത് റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ഫോളോ ഓണ്‍ ഒഴിവായതോടെ തന്റെ ബാറ്റിങ് കരുത്ത് വ്യക്തമാക്കാന്‍ ആകാശ് ദീപ് തീരുമാനിച്ചു. ഇന്ത്യന്‍ ടോട്ടല്‍ 245 കഴിഞ്ഞതിന് തൊട്ടുപിന്നാലെ തൊട്ടടുത്ത പന്തില്‍ പാറ്റ് കമ്മിന്‍സിനെ താരം സിക്‌സറിന് പറത്തി.
ആകാശ് ദീപിന്റെ സിക്‌സറിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളും ആരാധകരും ഒന്നുപോലെ ആവേശത്തിലായിരുന്നു.
ആകാശ് ദീപിന്റെ സിക്‌സറില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലും അമ്പരന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പിറവിയെടുത്ത സിക്‌സറിന് പിന്നാലെ താരം ആകാശ് ദീപിനെ ഹിന്ദിയില്‍ ഒരു മോശം വാക്കുപയോഗിച്ച് വിളിച്ചുകൊണ്ടാണ് അഭിനന്ദിച്ചത്.
ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഈ തെറിവാക്ക് സാധാരണമാണ്. ഫ്രസ്‌ട്രേഷന് പുറമെ അവിശ്വസനീയമായ പ്രകടനം പുറത്തെടുക്കുമ്പോഴും സഹതാരങ്ങള്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
2023 ഐ.പി.എല്ലില്‍ യാഷ് ദയാലിന്റെ പന്തില്‍ റിങ്കു സിങ് തുടര്‍ച്ചയായ അഞ്ച് സിക്‌സറുകള്‍ പറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ക്യാപ്റ്റന്‍ നിതീഷ് റാണ ഈ വാക്ക് ഉച്ചരിച്ചുകൊണ്ടാണ് താരത്തെ അഭിനന്ദിക്കാന്‍ ഓടിപ്പാഞ്ഞെത്തിയത്.
അതേസമയം, മത്സരത്തില്‍ ജസ്പ്രീത് ബുംറയും പാറ്റ് കമ്മിന്‍സിനെതിരെ സിക്‌സര്‍ പറത്തിയിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും പിറന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ഒരു ടീമിന്റെ പത്താം നമ്പര്‍ ബാറ്ററും 11ാം നമ്പര്‍ ബാറ്ററും ഒരു മത്സരത്തില്‍ തന്നെ സിക്സര്‍ നേടുന്നത്. ഇതുവരെ ഇരുവരും ഓരോ സിക്സര്‍ വീതമടിച്ചാണ് ക്രീസില്‍ തുടരുന്നത്.
മത്സരത്തിന്റെ അവസാന ദിവസം എത്രയധികം സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിക്കും എന്നതാകും ആകാശ് ദീപിന്റെയും ജസ്പ്രീത് ബുംറയുടെയും ലക്ഷ്യം.
നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.
Content Highlight: KL Rahul’s abusive appreciation after Akash Deep’s jaw-dropping six off Pat Cummins