ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ടീമിന്റെ ഉപനായകനും സൂപ്പര്‍ താരവുമായ കെ.എല്‍. രാഹുല്‍ പിച്ചിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും കുറഞ്ഞത് രണ്ട് മാസമെങ്കിലും താരം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നേക്കും.
രാഹുല്‍ ജര്‍മനിയില്‍ നിന്നും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും, ഇനി അല്‍പം വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പ്രാക്ടീസിനിടെ താരത്തിന്റെ ഞെരമ്പിന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പരമ്പര പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
രാഹുലിന്റെ അഭാവത്തില്‍ റിഷബ് പന്തായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഹര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ആദ്യ രണ്ട് മത്സരത്തില്‍ തോല്‍ക്കുകയും പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താണ് ഇന്ത്യ പരമ്പരയിലേക്ക് മടങ്ങിയെത്തിയത്.
അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്‌തോടെ പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകായിരുന്നു. പരമ്പര ജയിക്കാനായില്ലെങ്കിലും തോല്‍വി വഴങ്ങാതെ രക്ഷപ്പെടുത്താനായി എന്നതുമാത്രമായിരുന്നു രാഹുലിന്റെ പകരക്കാരന്‍ ചെയ്തത്.
ഈ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരവും താരത്തിന് നഷ്ടമായിരുന്നു. രാഹുല്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമില്‍ നിന്നും പുറത്തായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു രോഹിത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
ഇതോടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഒരുമിച്ച് ടീമില്‍ നിന്നും പുറത്തായ അവസ്ഥയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് പേസര്‍ ബുംറയെയായിരുന്നു ക്യാപ്റ്റന്റെ ചുമതലയേല്‍പിച്ചത്.
ഇംഗ്ലണ്ടിനെതിരെ ബാക്കിയുള്ള ഒരു ടെസ്റ്റ് മത്സരം ജൂലൈ ഒന്നിന് ആരംഭിക്കും. അഞ്ചാം ടെസ്റ്റില്‍ സമനിലനേടിയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ഇംഗ്ലണ്ട് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, അലക്‌സ് ലീസ്, ക്രെയ്ഗ് ഓവര്‍ട്ടന്‍, ജെയ്മി ഓവര്‍ട്ടന്‍, മാത്യു പോട്‌സ്, ഒലി പോപ്പ്, ജോ റൂട്ട്.
ഇന്ത്യ സ്‌ക്വാഡ്: ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍) കെ.എസ് .ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍
Content Highlight: KL Rahul Ruled out for two months after injury