IPL
ആ ഒറ്റ കാരണം കൊണ്ടു മാത്രമാണ് പഞ്ചാബിനെ ഉപേക്ഷിച്ചത്; ടീം വിട്ടതിന്റെ കാരണവുമായി കെ.എല്‍ രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 22, 12:28 pm
Tuesday, 22nd March 2022, 5:58 pm

ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിന് മുന്നോടിയായി കെ.എല്‍ രാഹുല്‍ തന്റെ മുന്‍ ടീമായ പഞ്ചാബ് കിംഗ്‌സ് വിട്ടിരുന്നു. ഏറെ വിവാദമായ സംഭവമായിരുന്നു രാഹുല്‍ ടീം വിട്ടത്.

താന്‍ ടീം വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് മുന്‍ പഞ്ചാബ് നായകന്‍. പഞ്ചാബ് ടീമിന്റെ നട്ടെല്ല് കൂടിയായിരുന്ന രാഹുല്‍ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ കൂടെയായിരുന്നു.

മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു താരം ടീം വിട്ടത്.

പഞ്ചാബ് വിട്ടത് തന്റെ മാത്രം വ്യക്തിപരമായ തീരുമാനമായിരുന്നെന്നും പഞ്ചാബിനപ്പുറം എന്ത് എന്ന ചോദ്യത്തിനുള്ള ആകാക്ഷയില്‍ കൂടിയാണ് അത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് താരം പറയുന്നത്.

‘നാലു വര്‍ഷമായി ഞാന്‍ പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമായിരുന്നു. എല്ലാ സീസണിലും ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്കായി.

എന്നാല്‍ എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്ത് മാത്രമാണ് ഞാന്‍ പഞ്ചാബ് വിട്ടത്. പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് എന്നെ കാത്തിരിക്കുന്നത് എന്നറിയാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു’ രാഹുല്‍ പറഞ്ഞു.

പഞ്ചാബ് വിടാനെടുത്ത തീരുമാനം വളരെ ശ്രമകരമായിരുന്നുവെന്നും നിരവധി തവണ ആലോചിച്ചാണ് ആ തീരുമാനത്തിലെത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് വിട്ടതോടെ താരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാവുകയായിരുന്നു. 17 കോടി രൂപയ്ക്കാണ് താരം ലഖ്‌നൗവിലെത്തിയത്. ഐ.പി.എല്‍ 15ാം സീസണിലെ ഏറ്റവും കൂടുതല്‍ തുക നേടിയ താരം കൂടിയാണ് രാഹുല്‍.

രാഹുലിന് പുറമെ ഇന്ത്യന്‍ താരം രവി ബിഷ്‌ണോയി, ഓസീസ് താരം മാര്‍കസ് സ്‌റ്റോയിന്‍സ് എന്നിവരെയും ലഖ്‌നൗ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കിയിരുന്നു.

Content Highlight: KL Rahul reveals the reason behind why he left Punjab Kings