ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നിഷ്പ്രഭമാക്കിയാണ് കെ.എല്‍. രാഹുല്‍ നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. 75 റണ്‍സിനായിരുന്നു ഐ.പി.എല്ലിലെ കന്നിക്കാര്‍ മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍സിനെ അഡ്രസ് ഇല്ലാതെ തോല്‍പ്പിച്ചത്.
ലഖ്‌നൗ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയെങ്കിലും നായകന്‍ കെ.എല്‍ രാഹുലിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരം അത്രകണ്ട് നല്ലതായിരുന്നില്ല. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കവെ ഒരു പന്ത് പോലും നേരിടാതെ സംപൂജ്യനായാണ് രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ മടങ്ങിയത്.
മൂന്നാം തവണയാണ് ഈ സീസണില്‍ രാഹുല്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടുമായിരുന്നു മുമ്പ് താരം ഈ സീസണില്‍ ഡക്കായി മടങ്ങിയത്.
ഗുജറാത്തിനോടും രാജസ്ഥാനോടുമുള്ള മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് രാഹുല്‍ പുറത്തായതെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ബോള്‍ ഫേസ് ചെയ്യുന്നതിന് മുമ്പായിരുന്നു മടക്കം എന്നത് മാത്രമാണ് വ്യത്യാസം.
ടിം സൗത്തിയുടെ പന്തില്‍ മുട്ടിയിട്ട് റണ്ണിനോടിയ ഡി കോക്കിനും രാഹുലിനും പിഴയ്ക്കുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ പന്ത് കൈക്കലാക്കിയ ശ്രേയസ് അയ്യരുടെ ഡയറക്ട് ഹിറ്റ് നോണ്‍ സ്‌ട്രൈക്കിംഗില്‍ എന്‍ഡിലെ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ രാഹുല്‍ ക്രീസിന് വെളിയില്‍ തന്നെയായിരുന്നു.
ഇതോടെ രാഹുലിനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഈ സീസണില്‍ പൂജ്യത്തിന്റെ ശാപം പേറേണ്ടി വന്ന വിരാട് കോഹ്‌ലിയോടും രോഹിത് ശര്‍മയോടും താരതമ്യം ചെയ്തായിരുന്നു രാഹുലിനെ എയറില്‍ കയറ്റിയത്. രോഹിത്തും വിരാടും ഈ സീസണിലും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറിന് പിന്നില്‍ രണ്ടാമനായി തന്നെ രാഹുല്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 11 മത്സരത്തില്‍ നിന്നും 50.11 ആവറേജില്‍ 451 റണ്‍സാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ മറ്റു രണ്ട് പേര്‍ക്കും ഈ സീസണില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.
കഴിഞ്ഞ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ലഖ്‌നൗവിനായി. 11 മത്സരത്തില്‍ നിന്നും 8 ജയവും 3 തോല്‍വിയുമായി 16 പോയിന്റോടെയാണ് ലഖ്‌നൗ ഒന്നാമതെത്തിയിരിക്കുന്നത്.
Content Highlight: KL Rahul registers yet another duck in IPL 2022