ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ടോസ് ഭാഗ്യം തുണച്ചത് സന്ദര്‍ശകരെ. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ത്രീ ലയണ്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.
ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. തന്റെ കരിയറിലെ 50ാം റെഡ് ബോള്‍ മത്സരത്തിനാണ് രാഹുല്‍ ഹൈദരാബാദില്‍ ഇറങ്ങുന്നത്. ഇന്ത്യക്കായി 50 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 37ാമത് മാത്രം താരമാണ് രാഹുല്‍.
ഇതുവരെ ബാറ്റേന്തിയ 49 ടെസ്റ്റിലെ 84 ഇന്നിങ്‌സില്‍ നിന്നും 2,755 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 33.59 എന്ന ശരാശരിലിയും 51.88 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന രാഹുല്‍ എട്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2016-17 സീസണില്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ വെച്ച് നേടിയ 199 റണ്‍സാണ് ടെസ്റ്റ് കരിയറിലെ താരത്തിന്റെ ടോപ് സ്‌കോര്‍.
അതേസമയം, മത്സരം ആദ്യ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് എന്ന നിലയിലാണ്. 13 പന്തില്‍ 11 റണ്‍സുമായി ബെന്‍ ഡക്കറ്റും 17 പന്തില്‍ 15 റണ്‍സുമായി സാക്ക് ക്രോളിയുമാണ് ക്രീസില്‍.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജാക്ക് ലീച്ച്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Content highlight: KL Rahul plays 50th test match