ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബൗളര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍താരം കെ.എല്‍ രാഹുല്‍. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് രാഹുല്‍ ക്രിക്കറ്റിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ബൗളര്‍മാരെ തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മറികടന്നുകൊണ്ട് രാഹുല്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നിനെയാണ് ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയത്.
സ്റ്റെയ്ന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. പ്രോട്ടിയാസിന് വേണ്ടി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 439 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ പന്തെറിഞ്ഞ സ്റ്റെയ്ന്‍ 196 വിക്കറ്റുകളും നേടി. കുട്ടി ക്രിക്കറ്റില്‍ 47 കളികളില്‍ നിന്നും 64 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടവും സ്റ്റെയ്നിന്റെ പേരിലാണുള്ളത്. 2019ലാണ് സ്റ്റെയ്ന്‍ സൗത്ത് ആഫ്രിക്കക്കായി അവസാനമായി ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2020ലായിരുന്നു ടി-20യില്‍ താരം അവസാനമായി കളിച്ചത്.
ഇംഗ്ലണ്ട് ഇതിഹാസം ജയിംസ് ആന്‍ഡേഴ്‌സണിനെയാണ് രാഹുല്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളറായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ താരം ബുംറക്ക് മൂന്നാം സ്ഥാനവും അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് നാലാം സ്ഥാനവുമാണ് രാഹുല്‍ നല്‍കിയത്. പാകിസ്ഥാന്‍ താരം നസീം ഷായെ അഞ്ചാമത്തെ മികച്ച ബൗളറായും രാഹുല്‍ തെരഞ്ഞെടുത്തു.
അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ്.
Content Highlight: KL Rahul Pick the Best Bowlers in Cricket