ഞാനായിരുന്നു പുരസ്‌കാരത്തിന് അര്‍ഹന്‍, പക്ഷേ കാര്യങ്ങള്‍ രസകരമാക്കാന്‍ മറ്റൊരാള്‍ക്ക് കൊടുത്തു: കെ.എല്‍. രാഹുല്‍
icc world cup
ഞാനായിരുന്നു പുരസ്‌കാരത്തിന് അര്‍ഹന്‍, പക്ഷേ കാര്യങ്ങള്‍ രസകരമാക്കാന്‍ മറ്റൊരാള്‍ക്ക് കൊടുത്തു: കെ.എല്‍. രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 5:18 pm

ഓരോ മത്സരത്തിലെയും മികച്ച ഫീല്‍ഡര്‍മാര്‍ക്ക് മെഡല്‍ നല്‍കുന്നതാണ് ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ രീതി. വിരാട് കോഹ്‌ലി, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ താരങ്ങള്‍ ഈ ലോകകപ്പിലെ തങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്താല്‍ ഈ മെഡല്‍ നേടിയെടുത്തവരാണ്.

ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. മുഷ്ഫിഖര്‍ റഹീമിനെ പുറത്താക്കിയ സൂപ്പര്‍മാന്‍ ക്യാച്ചടക്കം മികച്ച പ്രകടനമാണ് ഫീല്‍ഡറുടെ റോളില്‍ താരം പുറത്തെടുത്തത്.

 

എന്നാല്‍ വിക്കറ്റിന് പുറകിലെ മികച്ച പ്രകടനത്തില്‍ തനിക്കായിരുന്നു ആ പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് കെ.എല്‍. രാഹുല്‍. എന്നാല്‍ കാര്യങ്ങള്‍ രസകരമാക്കാന്‍ ഫീല്‍ഡിങ് കോച്ചായ ടി. ദിലീപ് അത് മറ്റൊരാള്‍ക്ക് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

‘ഞാനായിരുന്നു അത് അര്‍ഹിച്ചിരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഞാനായിരുന്നു ആ മെഡല്‍ നേടിയത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കൂടുതല്‍ രസകരമാക്കാന്‍ ദിലീപ് സര്‍ അത് മറ്റൊരാള്‍ക്ക് നല്‍കും.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ആ പുരസ്‌കാരത്തിനുള്ള മത്സരാര്‍ത്ഥികളിലൊരാള്‍ ജഡ്ഡുവാണ്, ആ ക്യാച്ച് കാരണം തന്നെ. കുല്‍ദീപാണ് അടുത്തയാള്‍. അവന്‍ ഒട്ടും പുറകിലല്ല, മികച്ച പ്രകടനമാണ് അവന്‍ ഫീല്‍ഡിങ്ങില്‍ പുറത്തെടുത്തത്,’ മെഡല്‍ ദാന ചടങ്ങിന് മുമ്പ് രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ കണക്കുകൂട്ടലുകള്‍ ശരിയാവുകയും ജഡേജ ആ മെഡല്‍ സ്വന്തമാക്കുകയുമായിരുന്നു. മുഷ്ഫിഖര്‍ റഹീമിനെ പുറത്താക്കാന്‍ ജഡ്ഡുവെടുത്ത ക്യാച്ച് തന്നെയായിരുന്നു താരത്തെ മെഡലിന് അര്‍ഹനാക്കിയത്.

വിക്കറ്റിന് പുറകില്‍ മികച്ച പ്രകടനമാണ് രാഹുലും പുറത്തെടുത്തത്. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളാണ് രാഹുല്‍ കൈപ്പിടിയിലൊതുക്കിയത്.

അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയിച്ചിതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. ന്യൂസിലാന്‍ഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്.

ഒക്ടോബര്‍ 2നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ കിവീസാണ് എതിരാളികള്‍.

 

 

Content highlight: KL Rahul, Ravindra Jadeja, best fielding medal