ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്. ഇന്നാണ് പരമ്പരയിലെ ആദ്യത്തെ മത്സരം നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുക.
സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഒറ്റ മത്സരം പോലും പരാജയപ്പെടാതെ സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടി-20 പരമ്പര നഷ്ടപ്പെട്ട ശ്രീലങ്ക ഏകദിന പരമ്പര വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരാനായിരിക്കും ലക്ഷ്യമിടുക.
ശ്രീലങ്കക്കെതിരെയുള്ള ഈ പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. 180 റണ്‍സ് കൂടി നേടാന്‍ രാഹുലിന് സാധിച്ചാല്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ലിലേക്കാണ് രാഹുല്‍ കാലെടുത്തുവെക്കുക.
രണ്ട് ഇന്നിങ്‌സിനുള്ളില്‍ ഈ കടമ്പ കടക്കാന്‍ രാഹുലിന് സാധിച്ചാല്‍ സൂപ്പര്‍താരം ശിഖര്‍ ധവാന്റെ റെക്കോഡിനൊപ്പമെത്താനും രാഹുലിന് സാധിക്കും. ധവാന്‍ 72 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ ഏകദിനത്തില്‍ രാഹുല്‍ 70 ഇന്നിങ്‌സില്‍ നിന്നും 2820 റണ്‍സാണ് നേടിയിട്ടുള്ളത്. ഏഴ് സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളുമാണ് താരം ഏകദിനത്തില്‍ നേടിയത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടിയ ഇന്ത്യന്‍ താരം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ശിഖര്‍ ധവാന്‍-72
വിരാട് കോഹ്‌ലി-75
നവജ്യോത് സിങ് സിദ്ധു-79
സൗരവ് ഗാംഗുലി-82
ഗൗതം ഗംഭീര്‍-87
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. 2023 ഡിസംബറില്‍ സൗത്ത് ആഫ്രിക്കെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു അവസാനമായി രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ രാഹുല്‍ മികച്ച പ്രകടനം നടത്തികൊണ്ട് തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: KL Rahul Need 180 Runs To Compleate 3000 Runs in ODI