| Wednesday, 25th December 2024, 12:03 pm

സെഞ്ച്വറിയടിച്ച് ഹാട്രിക് പൂര്‍ത്തിയാക്കാന്‍ രാഹുല്‍ തെരഞ്ഞെടുത്ത ബോക്‌സിങ് ഡേ; നാലാം ടെസ്റ്റില്‍ തിളങ്ങുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ഡിസംബര്‍ 26ന് മെല്‍ബണിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുക. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

പരമ്പരയില്‍ മേല്‍ക്കൈ നേടാനുള്ള ഇന്ത്യയുടെ സുവര്‍ണാവസരമാണിത്. എന്നാല്‍ ബാറ്റര്‍മാരുടെ മോശം ഫോം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ടോപ് ഓര്‍ഡറില്‍ കെ.എല്‍. രാഹുല്‍ ഒഴികെ മറ്റൊരു താരവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നില്ല. യശസ്വി ജെയ്‌സ്വാളും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമെല്ലാം ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലാതെ നിരാശപ്പെടുത്താന്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ മാത്രമാണ് ഇതിന് ഒരു അപവാദം.

നാലാം മത്സരത്തിലും രാഹുലിന്റെ ബാറ്റിങ് കരുത്തില്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. രാഹുലിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറക്കണമെന്നും ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

അത്തരത്തില്‍ ഒരു സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ രസകരമായ ഒരു ഹാട്രിക് നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെടും. തുടര്‍ച്ചയായി കളിച്ച മൂന്ന് ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ സെഞ്ച്വറിയെന്ന നേട്ടമാണിത്.

2021ലും 2023ലും ബോക്‌സിങ് ഡേയില്‍ ടെസ്റ്റ് കളിച്ച രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു. ഈ രണ്ട് മത്സരത്തിലും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു രാഹുലിന്റെ ബാറ്റ് കൊടുങ്കാറ്റഴിച്ചുവിട്ടത്.

2021ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റാണ് ബോക്‌സിങ് ഡേയില്‍ അരങ്ങേറിയത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ രാഹുലിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ 113 റണ്‍സിന്റെ വിജയം സ്വന്തമാക്കി. കളിയിലെ താരമായി തെരഞ്ഞെടുത്തതും രാഹുലിനെ തന്നെയായിരുന്നു.

2022ലെ ബോക്‌സിങ് ഡേയില്‍ ഇന്ത്യക്ക് മത്സരമുണ്ടായിരുന്നില്ല. എന്നാല്‍ 2023ല്‍ മറ്റൊരു ഡിസംബര്‍ 26ന് ഇന്ത്യ വീണ്ടും സെഞ്ചൂറിയനിലെത്തി. മത്സരത്തില്‍ രാഹുല്‍ സെഞ്ച്വറി നേടുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ രാഹുലിന് തിളങ്ങാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വന്നിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

ഇപ്പോള്‍ മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിനാണ് കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്ന് ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ ഹാട്രിക് വിജയത്തിനൊരുങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം ബോക്‌സിങ് ഡേയില്‍ രാഹുല്‍ സെഞ്ച്വറി നേടി ഹാട്രിക് പൂര്‍ത്തിയാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: KL Rahul is about to score a century in three consecutive Boxing Day Tests

We use cookies to give you the best possible experience. Learn more