പലരും വിമര്‍ശിക്കുന്നത് പോലെയല്ല കാര്യങ്ങള്‍, രാഹുല്‍ ഇങ്ങനെയായിപ്പോയതിന് ഒരു കാരണമുണ്ട്: കെ.എല്‍ രാഹുലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം
Cricket
പലരും വിമര്‍ശിക്കുന്നത് പോലെയല്ല കാര്യങ്ങള്‍, രാഹുല്‍ ഇങ്ങനെയായിപ്പോയതിന് ഒരു കാരണമുണ്ട്: കെ.എല്‍ രാഹുലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th October 2022, 12:52 pm

കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെ പരാജയപ്പെടുത്തി ജൈത്രയാത്ര തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെയാണ് തോല്‍പിച്ചത്.

രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

ആദ്യ മത്സരത്തില്‍ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇപ്പോള്‍ നിരാശപ്പെടുത്തുന്ന ഏറ്റവും പ്രധാന പ്രശ്‌നം കെ.എല്‍. രാഹുലിന്റെ ഫോമില്ലായ്മയാണെന്നാണ് പൊതു അഭിപ്രായം.

രാഹുല്‍ ഓപ്പണിങ്ങില്‍ തുടരെ തുടരെ മോശം പ്രകടനങ്ങള്‍ കാഴ്ചവെക്കുമ്പോള്‍ താരത്തിന്റെ ബാറ്റിങ്ങിനെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

സമീപകാലത്ത് പരിക്കേറ്റതാണ് താരത്തിന്റെ ഫോമില്ലായ്മക്ക് കാരണമെന്നാണ് വസീം ജാഫര്‍ പറയുന്നത്. ക്രിക്ക്ട്രാക്കറിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

 

”പലരും വിമര്‍ശിക്കുന്നത് പോലെയല്ല കാര്യങ്ങള്‍. രാഹുല്‍ മികച്ച കളിക്കാരനാണ്. മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ മികച്ച ഫോമിലായിരുന്നു രാഹുലെന്ന് നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ അതിനുശേഷം പരിക്കേറ്റതാണ് താരത്തെ തളര്‍ത്തിക്കളഞ്ഞത്.

തുടര്‍ന്ന് പരിക്കില്‍ നിന്ന് മോചിതനായെങ്കിലും രാഹുല്‍ ആ പഴയ ട്രാക്കിലേക്കെത്താന്‍ പ്രയസപ്പെടുന്നുണ്ട്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായതാണ് അദ്ദേഹത്തിന്റെ ഫോമില്ലായ്മക്ക് ഒരു കാരണം,’ ജാഫര്‍ വ്യക്തമാക്കി.


അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായി നടക്കുന്ന അടുത്ത മത്സരത്തില്‍ മികച്ചൊരു തിരിച്ചുവരവ് നടത്താന്‍ തന്നെയാവും രാഹുല്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 30നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.

Content Highlights: KL Rahul is a much better player than numbers suggest, says Wazim Jaffer