| Wednesday, 21st December 2022, 9:50 pm

വിജയം പ്രതീക്ഷിച്ചിറങ്ങുന്ന ഇന്ത്യക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വമ്പന്‍ തിരിച്ചടി; കണ്ടക ശനി അവസാനിക്കുന്നില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കില്‍ വലയുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വീണ്ടും മറ്റൊരു പരിക്ക്. ജസ്പ്രീത് ബുംറയും ജഡേജയും അടക്കമുള്ള താരങ്ങളില്ലാതെ ബംഗ്ലാദേശ് പര്യടനമാരംഭിച്ച ഇന്ത്യന്‍ ടീമിന് തുടക്കം തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

ഏകദിന പരമ്പര തോറ്റതിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കായിരുന്നു ഇന്ത്യയെ പിന്നീട് വലച്ചത്. ഇതിന് പിന്നാലെ ദീപക് ചഹറും കുല്‍ദീപ് സെന്നും പരിക്കേറ്റ് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കായിരുന്നു ഇന്ത്യയെ ഏറെ വലച്ചത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ രോഹിത് ശര്‍മക്ക് മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും നഷ്ടപ്പെട്ടിരുന്നു. രോഹിത്തിന് പകരം കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് രോഹിത്തിന് രണ്ടാം ടെസ്റ്റും നഷ്ടപ്പെടുകയായിരുന്നു.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റിലെ അതേ ടീമിനെ തന്നെ കളത്തിലിറക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ടീമിന് അടുത്ത തിരിച്ചടിയെന്നോണം വീണ്ടും പരിക്കിന്റെ വാര്‍ത്തകളാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും പുറത്ത് വരുന്നത്.

നിലവിലെ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലിന് പരിക്കേറ്റിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഇനിയും വെളിവായിട്ടില്ല.

എന്നാല്‍ താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറയുന്നത്.

‘രാഹുല്‍ സുഖമായിരിക്കുന്നുവെന്നാണ് തോന്നുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടര്‍മാര്‍ അതിന് ശ്രമിക്കുകയാണ്. അവന്‍ മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ റാത്തോര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യ 188 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ പൂജാരയുടെയും ശുഭ്മന്‍ ഗില്ലിന്റെയും ഇന്നിങ്സിന്റെ ബലത്തില്‍ ആദ്യ ഇന്നിങ്സില്‍ 404 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഇന്നിങ്സില്‍ 150 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

രണ്ടാം ഇന്നിങ്സിലും പൂജാര ആളിക്കത്തിയതോടെ ഇന്ത്യ 258 റണ്‍സിന് രണ്ട് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

513 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിടങ്ങിയ ബംഗ്ലാദേശിന് ആ റണ്‍മല താണ്ടാന്‍ സാധിച്ചില്ല. കടുവകള്‍ 324 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യ 188 റണ്‍സിന്റെ വിജയം കൈപ്പിടിയിലൊതുക്കി.

രണ്ടാം ടെസ്റ്റിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പര വിജയം മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇന്ത്യ ഇനിയുള്ള ഓരോ മത്സരത്തിനുമിറങ്ങുന്നത്.

Content Highlight: KL Rahul injured before  India vs Bangladesh 2nd test

We use cookies to give you the best possible experience. Learn more