ഡിസംബര്‍ 21ന് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന മത്സരം ബോളണ്ട് പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടിയിട്ടുണ്ട്. അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
16 പന്തില്‍ 22 റണ്‍സ് നേടിയ ഓപ്പണര്‍ രജത് പാര്‍ട്ടിദാറിനെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ 16 പന്തില്‍ 10 റണ്‍സ് നേടിയ സായി സുദര്‍ശനെ ബ്യൂറന്‍ ഹെട്രിക്‌സും പുറത്താക്കി.
ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും 21 റണ്‍സ് ആണ് നേടിയത്. വിയാന്‍ മുള്‍ഡറിന്റെ പന്തിലായിരുന്നു രാഹുല്‍ പുറത്തായത്. എന്നിരുന്നാലും രാഹുല്‍ മറ്റൊരു റെക്കോഡ് നേട്ടത്തിലാണ് നിലവില്‍ എത്തിയിരിക്കുന്നത്.
ധോണിക്ക് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ 1000 റണ്‍സ് തികക്കുന്ന താരമായി മാറുകയാണ് കെ.എല്‍ രാഹുല്‍. ഏകദിനത്തില്‍ 14 വര്‍ഷത്തിനുശേഷമാണ് രാഹുലിനെ ഈ ചരിത്ര നേട്ടം തേടിയെത്തുന്നത്. 26 ഏകദിന മത്സരങ്ങളില്‍ നിന്നും 139 റണ്‍സ് ആണ് രാഹുല്‍ നേടിയെടുത്തത്. ഏഴ് അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ തന്നെ മികച്ച റണ്‍സായിരുന്നു 2023ല്‍ രാഹുല്‍ നേടിയത്.
സൗത്ത് ആഫ്രിക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 64 പന്തില്‍ 56 റണ്‍സ് നേടി രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ 211 റണ്‍സ് മാത്രം അക്കൗണ്ടില്‍ സൂക്ഷിച്ച ഇന്ത്യക്കെതിരെ 42 ഓവറിലാണ് സൗത്ത് ആഫ്രിക്ക വിജയം കണ്ടെത്തിയത്.
എന്നാല്‍ പരമ്പരയിലെ അവസാന മത്സരം കൂടെ വിജയിച്ചാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മറ്റൊരു റെക്കോഡിനും രാഹുല്‍ അര്‍ഹനാകും. സൗത്ത് ആഫ്രിക്കയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാന്‍ രാഹുല്‍ കഴിയും. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആയിരുന്നു. 2018 ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ആറ് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ആയിരുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയം നേടിയത്.