പരിക്ക് പൂര്‍ണമായി ഭേദമാകാതെ തന്നെ ഇന്ത്യ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നു. ലോകകപ്പിനുള്ള ടീമിലും താരം കണ്ടേക്കും.
പൂര്‍ണമായി ഫിറ്റല്ലാത്ത താരത്തിനെ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സത്തിലും ഇന്ത്യ കളത്തില്‍ ഇറക്കിയില്ലായിരുന്നു. ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചാല്‍ രാഹുല്‍ കളിച്ചേക്കും.
പൂര്‍ണമായും ഫിറ്റല്ലാത്ത കെ.എല്‍. രാഹുലിനെ ടീമിലെടുത്തതില്‍ ഒരുപാട് പേര്‍ നെറ്റിചുളിച്ചിരുന്നു. സഞ്ജു സാസംണെ പോലെയുള്ള ടാലെന്റുകള്‍ പുറത്തിനില്‍ക്കുമ്പോള്‍ എന്തിനാണ് രാഹുലിന് ഇത്ര പരിഗണന നല്‍കുന്നതെന്ന് ആരാധകരും മുന്‍ താരങ്ങളും ചോദിച്ചിരുന്നു. എന്നാല്‍ ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ മികച്ച നമ്പറുകളാണ് ഈ വലംകയ്യന്‍ ബാറ്ററിനുള്ളത്.
ഓപ്പണിങ് ബാറ്ററായ രാഹുല്‍ ഫിനിഷിങ് റോളിലും, അഞ്ചാം നമ്പറിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 16 ഇന്നിങ്‌സ് അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ രാഹുലിന്റെ ശരാശരി 60.5 റണ്‍സാണ്. 726 റണ്‍സാണ് താരം ഇത്രയും ഇന്നിങ്‌സില്‍ നിന്നും അടിച്ചുക്കൂട്ടിയത്. ഏഴ് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും അഞ്ചാമനായി ഇറങ്ങി നേടിയ രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സാണ്.
രാഹുലിന്റെ ടെക്‌നിക്കിലും ടാലെന്റിലുമൊന്നും വിരോധികള്‍ക്ക് പോലും സംശയമുണ്ടാകില്ല. എന്നാല്‍ താരത്തിന്റെ മാച്ച് ടെമ്പര്‍മെന്റ് പലപ്പോഴും പാളിപോകാറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി ഏഷ്യാ കപ്പിലും വരുന്ന ലോകകപ്പിലും താരം മികച്ചു നില്‍ക്കുമെന്ന് തന്നെയാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.
Content Highlight: Kl Rahul have Good records batting as Number Five in Odi cricket