ഒറ്റ സെഞ്ച്വറി കൊണ്ടുചെന്നെത്തിച്ചത് ഇതിഹാസങ്ങള്‍ക്കൊപ്പം; സച്ചിനില്ലാത്ത ലിസ്റ്റില്‍ ഇനി രാഹുലും
ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് താരത്തെ ഈ നേട്ടത്തിലെത്തിച്ചത്.
വിരേന്ദർ സെവാഗ്, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശിഖർ ധവാൻ എന്നിവരാണ് ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയവർ. പാകിസ്ഥാനെതിരെയുള്ള സെഞ്ച്വറിയോടെ കെ.എൽ രാഹുലിനും ഈ ലിസ്റ്റിലേക്ക് കയറാൻ സാധിച്ചു. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയത് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ്. രണ്ട് തവണയാണ് താരം പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയത്.
106 പന്തുകളിൽ നിന്നും പുറത്താവാതെ 111 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. 12 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും മികവിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരിക്ക് കാരണം താരത്തിന് നഷ്ടപ്പെട്ടിരുന്നുവെങ്കിലും പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ച്വറി നേടികൊണ്ടായിരുന്നു ഈ കർണാടകക്കാരന്റെ മിന്നും പ്രകടനം.
രാഹുലിനൊപ്പം വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി. 94 പന്തിൽ 122 റൺസാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്‌ലിയും രാഹുലും ചേർന്ന് 194 പന്തിൽ 233 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
ഇന്ത്യ ഉയർത്തിയ 357 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാക് ടീം 128 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 228 റൺസിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.
സെപ്റ്റംബർ 15 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Story Highlight: KL Rahul has entered the list of century scorers against Pakistan in Asia Cup.