ഒപ്പം കളിച്ച ഗെയ്‌ലിനെപോലും രണ്ടാമനാക്കി; ആർക്കും സാധ്യമാവാത്ത റെക്കോഡ് ഒറ്റക്ക് നേടിയവൻ രാഹുൽ
Cricket
ഒപ്പം കളിച്ച ഗെയ്‌ലിനെപോലും രണ്ടാമനാക്കി; ആർക്കും സാധ്യമാവാത്ത റെക്കോഡ് ഒറ്റക്ക് നേടിയവൻ രാഹുൽ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th March 2024, 9:31 pm

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഐ.പി.എല്ലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെ പേരിലുള്ള ഒരു അവിസ്മരണീയമായ നേട്ടമാണ് ഏറെ ശ്രേദ്ധേയമാവുന്നത്.

രാഹുലിന് ഐ.പി.എല്ലില്‍ നാല് സെഞ്ച്വറികളും 33 അര്‍ധസെഞ്ചറികളും ഉള്‍പ്പെടെ 3200 റണ്‍സാണ് ഉള്ളത്. ഇതില്‍ കഴിഞ്ഞ നാല് സീസണുകളിലും 500 നു മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. 626, 670 593, 659 എന്നിങ്ങനെയാണ് രാഹുല്‍ അവസാനത്തെ നാല് സീസണുകളില്‍ നേടിയിട്ടുള്ള സ്‌കോറുകള്‍.

ഐ.പി.എല്ലില്‍ കെ.എല്‍ രാഹുലാണ് ഇപ്പോഴും ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം കെ.എല്‍ രാഹുല്‍ ആണ്. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് തവണയാണ് രാഹുല്‍ സെഞ്ച്വറി നേടിയിട്ടുള്ളത്.

പഞ്ചാബ് കിങ്‌സിനെതിരെ രണ്ട് തവണ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ് ഈ നേട്ടത്തില്‍ രാഹുലിന് പിന്നിലുള്ളത്.

ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി രാഹുല്‍ കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. താരം പൂര്‍ണമായും ഫിറ്റ്‌നസോടെ തിരിച്ചെത്തുമോ എന്ന ആശങ്കയും ലഖ്‌നൗ ക്യാമ്പില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സീസണില്‍ ഒരു പിടി മികച്ച താരങ്ങളും ആയാണ് രാഹുലും കൂട്ടരും കിരീട പോരാട്ടത്തിനായി ഒരുങ്ങുന്നത്.

മാര്‍ച്ച് 24ന് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ലഖ്നൗവിന്റെ ആദ്യമത്സരം. ജയ്പൂരിലെ സവാരി മാനസിങ് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദി.

2024 ഐ.പി.എല്ലിനുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് സ്‌ക്വാഡ്

കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, കൈല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോണിസ്, ദീപക് ഹൂഡ, ദേവ്ദത്ത് പടിക്കല്‍, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, കൃണാല്‍ പാണ്ഡ്യ, യുധ്വിര്‍ സിങ്, പ്രേരക് മങ്കാദ്, യാഷ് താക്കൂര്‍, എ. മിശ്ര, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍, കെ. ഗൗതം, ശിവം മാവി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എം. സിദ്ധാര്‍ത്ഥ്, ആഷ്ടണ്‍ ടര്‍ണര്‍, ഡേവിഡ് വില്ലി, അര്‍ഷാദ് ഖാന്‍.

Content Highlight: KL Rahul great record in IPL