നീയെന്താണ് ഉദ്ദേശിക്കുന്നത്? നിനക്ക് ബാറ്റ് ചെയ്യാനൊന്നും പ്ലാനില്ലേ? രാഹുലിനെ ട്രോളി ക്രിക്കറ്റ് ആരാധകര്‍
Cricket
നീയെന്താണ് ഉദ്ദേശിക്കുന്നത്? നിനക്ക് ബാറ്റ് ചെയ്യാനൊന്നും പ്ലാനില്ലേ? രാഹുലിനെ ട്രോളി ക്രിക്കറ്റ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th August 2022, 4:11 pm

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ തകര്‍ത്തിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യ മത്സരത്തില്‍ ടോസ് വിജയിച്ച ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 189 റണ്‍സില്‍ സിംബാബ്‌വെയെ എറിഞ്ഞിട്ട ഇന്ത്യ അനായാസം മത്സരം വിജയിച്ചിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഓപ്പണര്‍മാരായ ഗില്ലും ധവാനും തകര്‍ത്തടിച്ച മത്സരത്തില്‍ മറ്റ് താരങ്ങള്‍ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലായിരുന്നു.

ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടീമില്‍ തിരിച്ചെത്തുന്നത്. രോഹിത് ശര്‍മ വിശ്രമിക്കുന്ന പരമ്പരയില്‍ നായകനായിട്ടായിരുന്നു രാഹുല്‍ ടീമിലെത്തിയത്. ഏഷ്യാ കപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് രാഹുലായിരിക്കും.

ഐ.പി.എല്ലിന് ശേഷം ഒരു മത്സരത്തില്‍ പോലും ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന രാഹുലിന് ബാറ്റിങ് പരിശീലനമാകാന്‍ സിംബാബ്‌വെ സീരീസിനേക്കാള്‍ മികച്ച അവസരം വേറെയില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത അദ്ദേഹം രണ്ടാം മത്സരത്തിലും അത് തന്നെ തുടരുകയായിരുന്നു.

രാഹുലിന്റെ ആ ഡിസിഷനെ ട്വിറ്ററില്‍ പൊരിച്ചടക്കുകയാണ് ആരാധകര്‍. ബാറ്റ് ചെയ്ത് പരിചയം വീണ്ടെടുക്കുന്നതിന് പകരം എന്തിനാണ് ഇയാള്‍ വീണ്ടും ബൗളിങ് തെരഞ്ഞെടുത്തത് എന്നാണ് ആരാധകര്‍ സചോദിക്കുന്നത്.

ബാറ്റിങ് പ്രാക്ടീസിന് വേണ്ടി പര്യടനത്തിനെത്തിയിട്ട് ബൗളിങ് തെരഞ്ഞെടുക്കുന്നതിലെ ലോജിക്ക് മനസിലാകുന്നില്ലെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. രാഹുലിന് ബാറ്റ് ചെയ്യാന്‍ ഭയമാണോ എന്നും ചോദിക്കുന്നവരുമുണ്ട്.

ഏഷ്യാ കപ്പില്‍ നേരെ ചെന്ന് ഓപ്പണിങ് ഇറങ്ങാനാണോ പ്ലാന്‍ എന്നും രാഹുലിനോട് ആരാധകര്‍ ചോദിക്കുന്നു. എന്തായാലും രാഹുലിന്റെ ബോള്‍ ചെയ്യാനുള്ള തീരുമാനം ആരാധകര്‍ക്ക് ഒട്ടും ബോധിച്ചിട്ടില്ല.

ഫോമായാല്‍ മികച്ച ഇംപാക്റ്റ് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. എന്നാല്‍ ഒരു പ്രധാന ഇവന്റില്‍ നേരെ ചെന്ന് ഓപ്പണ്‍ ചെയ്യിക്കുന്നത് ഒരിക്കലും ടീമിനും രാഹുലിനും നല്ലതായിരിക്കില്ല. ഇങ്ങനെ പ്ലാനില്ലാതെ അടുത്ത ലോകകപ്പിന് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറിയാല്‍ അടുത്ത വണ്ടിക്ക് തിരിച്ചുവരാമെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlight: Kl Rahul gets trolled in twitter for choosing bowling again