| Sunday, 12th November 2023, 6:23 pm

പുച്ഛിച്ചവര്‍ പോലും കയ്യടിച്ചു; ഒറ്റ സെഞ്ച്വറിയില്‍ പിറന്നത് ഇരട്ട റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 410 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെ പടുത്തുയര്‍ത്തിയത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത് മികച്ച സ്‌കോറും ഈ ലോകകപ്പിലെ മികച്ച സ്‌കോറുമാണ് ചിന്നസ്വാമിയില്‍ പിറവിയെടുത്തത്. ഇന്ത്യക്കായി ക്രീസിലെത്തിയ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിയത്.

ഇന്ത്യക്കായി ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന പന്തില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സും നേടി.

ശ്രേയസ് അയ്യര്‍ 94 പന്തില്‍ നിന്നും പുറത്താകാതെ 128 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 102 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്.

ഇരുതാരങ്ങളും ഒരുപോലെ പ്രശംസയേറ്റുവാങ്ങുമ്പോള്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി നേട്ടത്തിന് പ്രത്യേക പ്രാധാന്യമാണ് ആരാധകര്‍ കല്‍പിക്കുന്നത്. അതിന് കാരണം ഈ സെഞ്ച്വറിയിലൂടെ രാഹുല്‍ പൂര്‍ത്തിയാക്കിയ റെക്കോഡ് നേട്ടങ്ങളും.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം എന്ന റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയത്. നേരിട്ട 62ാം പന്തിലാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. ബാസ് ഡി ലീഡിനെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സര്‍ നേടിയാണ് രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി.

ഒമ്പത് മത്സരത്തിലെ എട്ട് ഇന്നിങ്‌സില്‍ നിന്നും 347 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രാഹുലിന് സാധിച്ചിരുന്നു. ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ ശ്രേയസ് അയ്യരിനൊപ്പം ക്രീസിലെത്തിയ രാഹുല്‍ സ്‌കോര്‍ ബോര്‍ഡില്‍ 408 റണ്‍സായപ്പോഴാണ് പവലിയനിലേക്ക് മടങ്ങിയത്. ബാസ് ഡി ലീഡിന്റെ പന്തില്‍ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.

ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെയും ആധികാരിക വിജയം സ്വന്തമാക്കിക്കൊണ്ട് സെമി ഫൈനലിനിറങ്ങാനാണ് ഒരുങ്ങുന്നത്.

നവംബര്‍ 15നാണ് ഇന്ത്യ സെമി ഫൈനലിനിറങ്ങുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlight: KL Rahul created 2 records against Netherlands

Latest Stories

We use cookies to give you the best possible experience. Learn more