ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം ദിവസത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനമാണ് കെ.എല്‍ രാഹുല്‍ നടത്തിയത്. 123 പന്തില്‍ 86 റണ്‍സ് നേടിയായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ 1000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് രാഹുല്‍ നടന്നുകയറിയത്. രാഹുലിന്റെ ടെസ്റ്റ് കരിയറില്‍ 50ാം മത്സരമായിരുന്നു ഇത്. തന്റെ 50 മത്സരത്തില്‍ തന്നെ രാഹുല്‍ 1000 റണ്‍സ് തികച്ചത് ഏറെ ശ്രദ്ധേയമായി.
രാഹുലിന് പുറമെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ യശ്വസി ജെയ്സ്വാള്‍ 74 പന്തില്‍ 80 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ നായകന്‍ ബെന്‍സ്റ്റോക്‌സ് 88 പന്തില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 421 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേ 156 പന്തിൽ 81 റൺസും അക്സർ പട്ടേൽ 62 പന്തിൽ 35 റൺസുമായാണ് ഗ്രീസിൽ.
Content Highlight: Kl Rahul create a new record in test.